വിവർത്തകൻ എന്നാൽ പരിഭാഷപ്പെടുത്തുന്നയാൾ മാത്രമല്ല, വ്യാഖ്യാതാവ് കൂടിയാണ്: ബുക്കർ പുരസ്‌കാര ജേതാവ് ഡെയ്‌സി റോക്ക് വെൽ

45ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഫോറം 3-ൽ "ഭാഷകൾക്കപ്പുറം: സാഹിത്യ വിവർത്തന കലയെക്കുറിച്ച് ഡെയ്സി റോക്ക്‌വെൽ" എന്ന പേരിൽ നടന്ന പരിപടിയിൽ സംസാരിക്കുകയായിരുന്നു അവർ
Daisy Rockwell, a Booker Prize winner, speaks at the 45th Sharjah International Book Fair.

45ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ബുക്കർ പുരസ്‌കാര ജേതാവുമായ ഡെയ്‌സി റോക്ക് വെൽ സംസാരിക്കുന്നു

Updated on: 

ഷാർജ: ഒരു കൃതി മറ്റൊരു ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യുമ്പോൾ വിവർത്തകൻ അല്ലെങ്കിൽ വിവർത്തക കേവലം വാക്കുകൾ പരിഭാഷപ്പെടുത്തുന്നയാൾ മാത്രമല്ല, അതിന്‍റെ വ്യാഖ്യാതാവ് കൂടിയായി മാറുകയാണെന്ന് പ്രമുഖ അമെരിക്കൻ എഴുത്തുകാരിയും വിവർത്തകയും അന്തർദേശിയ ബുക്കർ പുരസ്‌കാര ജേതാവുമായ ഡെയ്‌സി റോക്ക് വെൽ. 45ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഫോറം 3-ൽ "ഭാഷകൾക്കപ്പുറം: സാഹിത്യ വിവർത്തന കലയെക്കുറിച്ച് ഡെയ്സി റോക്ക്‌വെൽ" എന്ന പേരിൽ നടന്ന പരിപടിയിൽ സംസാരിക്കുകയായിരുന്നു അവർ.

വിവർത്തനം ചെയ്യുന്നയാൾ കൃതിയിൽ ഒരദൃശ്യ സാന്നിധ്യമായി നിൽക്കുക മാത്രമേ ചെയ്യുന്നുള്ളു എന്ന വിചാരം തെറ്റിദ്ധാരണ മാത്രമാണ്. വിവർത്തകൻ/വിവർത്തക മറ്റൊരാൾ കണ്ട, എഴുതിയ ലോകം അവരവരുടേതായ രീതിയിൽ പുനരാവിഷ്കരിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് വിവർത്തനം ചെയ്യുന്നയാൾക്ക് കാര്യങ്ങൾ 'വിഷ്വലൈസ്' ചെയ്യാനുള്ള ശേഷി ഉണ്ടാവണം. നിഘണ്ടുവിലെ ഭാഷാ പരിജ്ഞാനത്തിന് അപ്പുറം കാര്യങ്ങളെ മനസിൽ ദർശിക്കാനുള്ള കഴിവ് പ്രധാനമാണെന്ന് ഡെയ്‌സി റോക്ക് വെൽ പറഞ്ഞു.

വിവർത്തനം ചെയ്യേണ്ട കൃതിയുടെ എഴുത്തുകാരനെ അടുത്തറിയുന്നതും അവരുമായി ആശയവിനിമയം നടത്തുന്നതും വിവർത്തനത്തിന് ഗുണം ചെയ്യുമെന്നാണ് തന്‍റെ അനുഭവമെന്ന് ഡെയ്‌സി പറഞ്ഞു. പ്രമുഖ ഇന്ത്യൻ എഴുത്തുകാരി കൃഷ്ണ സോബ്തിയുടെ 'എ ഗുജറാത്ത് ഹിയർ എ ഗുജറാത്ത് ദെയർ' എന്ന കൃതി ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യുന്നതിന് മുൻപ് അവരുമായി അടുത്തിടപഴകാൻ സാധിച്ചത് ഏറെ പ്രയോജനം ചെയ്തു. വിവർത്തകന്/വിവർത്തകയ്ക്ക് ഒരിക്കലും തൃപ്‌തി വരാറില്ലെന്നും എഡിറ്റർ ചോദിക്കുന്നത് കൊണ്ട് മാത്രമാണ് പരിഭാഷ പൂർത്തിയാക്കി നൽകുന്നതെന്നും ഡെയ്സി വ്യക്തമാക്കി.

ബുക്കർ പുരസ്‌കാരം ലഭിച്ചതിന് ശേഷവും ഇന്ത്യയെക്കുറിച്ച് എഴുതിയ ചില കാര്യങ്ങളിൽ ഇന്ത്യക്കാരിൽ നിന്ന് വിമർശനം ഏൽക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ട് ഇന്ത്യൻ കൃതികൾ വിവർത്തനം ചെയ്യുമ്പോൾ കൂടുതൽ ജാഗ്രത പുലർത്താറുണ്ട്. യൂറോപ്യൻ സാഹിത്യവുമായി താരതമ്യം ചെയ്യുമ്പോൾ ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ പ്രത്യേകിച്ച് ഇന്ത്യയിലെ സാഹിത്യം കൂടുതൽ ബഹുസ്വരമാണെന്ന് ഡെയ്‌സി റോക്ക് വെൽ വിലയിരുത്തി. ധാരാളം ഭാഷകളും സംസ്കാരങ്ങളും ഉള്ളതാണ് ഇതിന് കാരണമെന്നും അവർ അഭിപ്രായപ്പെട്ടു.

എല്ലാ ദിവസവും നിർബന്ധപൂർവം എഴുതാൻ പരിശീലിക്കണമെന്ന് എഴുത്തുകാരാവാൻ ആഗ്രഹിക്കുന്ന പുതു തലമുറയോട് അവർ ആഹ്വാനം ചെയ്തു. പരിശീലനം പ്രധാനമാണെന്നും എത്ര തിരക്കേറിയ ജീവിതമാണെങ്കിലും എഴുതാൻ പ്രതിദിനം പതിനഞ്ച് മിനിറ്റെങ്കിലും മാറ്റിവെക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

തന്‍റെ 'ഇംഗ്ലീഷ് ഈസ് എ മോണോക്രോപ്പ്' എന്ന കവിത ഡെയ്‌സി റോക്ക് വെൽ ചൊല്ലി. ആഗോള ഭാഷയായ ഇംഗ്ലീഷ് എങ്ങനെയാണ് ലോകത്തെ നിരവധി പ്രാദേശിക ഭാഷകളുടെ മേൽ അധീശ്വത്വം സ്ഥാപിച്ചത് എന്ന് കവിതയിലൂടെ അവർ വിശദീകരിച്ചു. ചെറുവയലുകളെ തകർക്കുന്ന വലിയ നശീകരണ ശേഷിയുള്ള 'ഏകവിള'യാണ് ഇംഗ്ലീഷ് എന്ന് വിളിച്ചുപറയുന്ന കവിതയാണ് 'ഇംഗ്ലീഷ് ഈസ് എ മോണോക്രോപ്പ്' എന്ന് ഡെയ്‌സി റോക്ക് വെൽ പറയുന്നു. പരിപാടിയിൽ മാധ്യമപ്രവർത്തക അനാമിക ചാറ്റർജി മോഡറേറ്ററായിരുന്നു.