

അബ്ദുൾ റഹ്മാൻ
യുഎഇ യിലെ പ്രമുഖ ഫോട്ടോ ജേർണലിസ്റ്റും ഗൾഫ് ന്യൂസ് ദിന പത്രത്തിന്‍റെ മുൻ ചീഫ് ഫോട്ടോഗ്രാഫറുമായ എം.കെ. അബ്ദുൾ റഹ്‌മാന്‍റെ വിയോഗത്തോടെ നഷ്ടമായത് പ്രവാസ ലോകത്തെ സാമൂഹ്യ സാംസ്‌കാരിക മേഖലകളിൽ നിറഞ്ഞുനിന്ന വ്യക്തിത്വത്തെയാണ്. അദ്ദേഹം സ്വദേശികൾക്കും പ്രവാസികൾക്കും ഒരുപോലെ പ്രിയങ്കരനായിരുന്നു അദ്ദേഹം. യുഎഇയുടെ പല സർക്കാർ പരിപാടികളിലും വേദികളിലും അദ്ദേഹം നിറസാന്നിധ്യമായിരുന്നു. യുഎഇയുടെ ഭരണാധികാരികളുമായും വ്യവസായികളുമായും കലാ-സാഹിത്യ പ്രമുഖരുമായും വിവിധ സംഘടനാ ഭാരവാഹികളുമായും അദ്ദേഹം ഉറ്റ ബന്ധം നിലനിർത്തി.
തന്‍റെ അമ്മാവന്‍റെ വീട്ടിൽ വച്ചാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായതെന്ന് മകൻ ഫാസിൽ പറഞ്ഞു.
'അമ്മാവന്‍റെ വീട്ടിൽ ടിവി കണ്ട് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ അദ്ദേഹം പെട്ടെന്ന് കസേരയിൽ നിന്ന് വീണു. അഞ്ച് മിനിറ്റ് അബോധാവസ്ഥയിലായിരുന്നു. ഞാൻ ആംബുലൻസുമായി അവിടെയെത്തി. അദ്ദേഹം ബോധം വീണ്ടെടുത്തിരുന്നു. പക്ഷേ, സംസാരിക്കാൻ പാടു പെടുകയും അൽപം വികാര ഭരിതനാവുകയും ചെയ്തു. ആംബുലൻസിൽ കയറിയപ്പോൾ അദ്ദേഹം വീണ്ടും കുഴഞ്ഞു വീണു. മെഡിക്കൽ സ്റ്റാഫ് സിപിആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല' -ഫാസിൽ പറഞ്ഞു.
ബിരുദവും ഫോട്ടോഗ്രാഫിയിൽ ഡിപ്ലോമയും നേടിയ അബ്ദുൾ റഹ്‌മാൻ മൂന്നു വർഷം ഫോട്ടോഗ്രാഫിയിൽ പ്രായോഗിക പരിശീലനം കരസ്ഥമാക്കി 1976ൽ മുംബെയിൽ നിന്ന് കപ്പൽ മാർഗമാണ് ദുബായിലെത്തിയത്. ദേര സബ്ഖയിലെ അൽ അഹ്റം സ്റ്റുഡിയോ ആൻഡ് ഷോപ്സിൽ ഫോട്ടോഗ്രാഫറായിട്ടായിരുന്നു പ്രവാസ ജീവിതം തുടങ്ങിയത്. ശേഷം, അൽ ഇത്തിഹാദ് സ്റ്റുഡിയോയിലേക്ക് മാറി. 1978ൽ അൽ നഫാഖ് സ്റ്റുഡിയോയിൽ പാർട്ണർ.
1982ൽ ഗൾഫ് ന്യൂസിന്‍റെ അബുദാബി ബ്യുറോയിൽ ഫോട്ടോഗ്രാഫറായി ജോലിക്ക് ചേർന്നു. 38 വർഷം അവിടെ സേവനമനുഷ്ഠിച്ചു. ചീഫ് ഫോട്ടോഗ്രാഫറായാണ് വിരമിച്ചത്. പ്രതിഭാശാലിയായിരുന്ന അദ്ദേഹം തന്‍റെ കരിയറിൽ വളരെ വേഗം പ്രശസ്തിയിലേക്കുയർന്നു. എളിമയും നിഷ്കളങ്കമായ പെരുമാറ്റവും മൂല്യ ബോധവും അദ്ദേഹത്തെ എല്ലാവർക്കും സ്വീകാര്യനാക്കി.
യുഎഇയുടെ വളർച്ചയുമായി അദ്ദേഹത്തിന്‍റെ ഫോട്ടോഗ്രാഫിക് ജീവിതം ആഴത്തിൽ ഇഴ ചേർന്നിരിക്കുന്നുവെന്ന് മുൻ സഹപ്രവർത്തകർ അനുസ്മരിക്കുന്നു. പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങിയ ശേഷവും യുഎഇയിലുള്ളവരുമായി അദ്ദേഹം സജീവ ബന്ധം തുടർന്നു. അദ്ദേഹത്തിന്‍റെ 40 വർഷത്തോളം നീളുന്ന പ്രവാസ കാലത്തെ സേവനങ്ങളെക്കുറിച്ചും രാജ്യത്തിന്‍റെ വളർച്ചയിലും അഭിവൃദ്ധിയിലും വഹിച്ച പങ്കിനെക്കുറിച്ചും അറബി ഭാഷയിൽ അറബിക് ലാംഗ്വേജ് സെന്റർ പുസ്തകം പ്രസിദ്ധീകരിക്കുന്നതിന്‍റെ ഭാഗമായി ഈ മാസം 10ന് അബൂദബിയിൽ നടന്ന ചർച്ചയിൽ അദ്ദേഹം പങ്കെടുത്തിരുന്നു.
സെന്‍റർ ചെയർമാൻ ഡോ. അലി ബിൻ തമീം, എക്സിക്യൂട്ടിവ് ഡയറക്ടർ സഈദ് ഹംദാൻ അൽ തുനൈജി തുടങ്ങിയവരുമായാണ് ചർച്ച നടന്നത്. ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കാനിരിക്കെയാണ് വേർപാടുണ്ടായിരിക്കുന്നത്. തന്‍റെ സേവന മേഖലയിലെ മികവിന് നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2018 ലെ ചിരന്തന - യു എ ഇ എക്സ് ചേഞ്ച് മാധ്യമ പുരസ്‌കാരം എന്നിവ അദ്ദേഹത്തിന്‍റെ മികവിനുള്ള ആദരമായിരുന്നു.