അബൂദാബി: കർത്തവ്യ നിർവഹണത്തിനിടെ മരിച്ച യുഎഇ സായുധ സേനയിലെ അംഗങ്ങളായ നഹ്‌യാൻ അബ്ദുല്ല അഹ്മദ് അൽ മർസൂഖി, നാസർ മുഹമ്മദ് യൂസഫ് അൽ ബലൂഷി, അബ്ദുൽ അസീസ് സഈദ് അൽ തിനെയ്ജി, അഹമ്മദ് മുഹമ്മദ് റാഷിദ് അൽ ഷിഹ്ഹി എന്നിവരുടെ വിയോഗത്തിൽ അബൂദബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ അനുശോചനം രേഖപ്പെടുത്തി. രാജ്യത്ത് തങ്ങളുടെ ചുമതലകൾ നിർവഹിക്കുന്നതിനിടെയുണ്ടായ അപകടത്തിലാണ് ഈ സൈനികർ രക്തസാക്ഷികളായത്.
അബൂദബി അൽ ഷവാമിഖ് സിറ്റി, അജ്മാനിലെ അൽ റഖൈബന്ദ് അൽ ഹമീദിയ, ഫുജൈറയിലെ ദിബ്ബ അൽ ഫുജൈറ എന്നിവിടങ്ങളിൽ നടന്ന അനുശോചന മജ്ലിസുകളിൽ അദ്ദേഹം പങ്കെടുത്തു. രക്തസാക്ഷികളുടെ കുടുംബങ്ങളെയും ബന്ധുക്കളെയും അബൂദബി കിരീടാവകാശി അഗാധമായ ദുഃഖം അറിയിച്ചു.
രാജ്യത്തിന്‍റെ രക്തസാക്ഷികൾ അഭിമാനത്തിന്‍റേയും ബഹുമാനത്തിന്‍റേയും സ്രോതസ്സാണെന്നും, അവരുടെ ത്യാഗങ്ങൾ എന്നും വർത്തമാന-ഭാവി തലമുറകൾക്ക് ശാശ്വതമായ മാതൃകയാകുമെന്നും, മാതൃരാജ്യത്തോടുള്ള അവരുടെ അർപ്പണ ബോധവും സേവനവും അങ്ങേയറ്റം വിലമതിക്കുന്നുവെന്നും ഷെയ്ഖ് ഖാലിദ് പറഞ്ഞു. അബൂദബി ക്രൗൺ പ്രിൻസ് കോർട്ട് ചെയർമാൻ ഷെയ്ഖ് ഖലീഫ ബിൻ തഹ്നൂൻ ബിൻ മുഹമ്മദ് അൽ നഹ്‌യാനും അനുശോചനം രേഖപ്പെടുത്തി.