
അപകട രഹിത വേനൽ കാലം ഉറപ്പുവരുത്താൻ ക‍്യാംപെയ്നുമായി അബുദാബി പൊലീസ്
അബുദാബി: യുഎഇയിൽ അപകട രഹിത വേനൽ ഉറപ്പുവരുത്തുന്നതിനുള്ള ക്യാംപെയ്‌നിന്‍റെ ഭാഗമായി അശ്രദ്ധമായ ഡ്രൈവിങ്ങിനെതിരേ അബുദാബി പൊലീസ് ശക്തമായ മുന്നറിയിപ്പ് നൽകി. ഇതിന്‍റെ ഭാഗമായി രണ്ട് വ്യത്യസ്ത അപകടങ്ങളുടെ 33 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ ക്ലിപ് അബൂദബി പൊലീസ് പുറത്തിറക്കി.
ആദ്യ അപകടത്തിൽ ഒരു വെളുത്ത എസ്‌യുവി അതിവേഗ പാതയിൽ ഓടുന്നത് കാണാം. മുന്നിലെ നിശ്ചലമായ വാഹനങ്ങളുടെ നീണ്ട നിര ഡ്രൈവർ ശ്രദ്ധിക്കുന്നില്ല. കാര്യങ്ങൾ മനസിലായപ്പോഴേക്കും അപകടം സംഭവിച്ചു കഴിഞ്ഞിരുന്നു. മുന്നിലുള്ള മറ്റൊരു എസ്‌യുവിയിൽ വാഹനം ഇടിച്ചു കയറി.
രണ്ടാമത്തെ അപകട ദൃശ്യത്തിൽ അതിവേഗത്തിലെത്തിയ ഒരു കറുത്ത എസ്‌യുവി ആദ്യ രണ്ട് ലെയ്‌നുകളിൽ നിർത്തിയ വാഹനങ്ങളെ കാണാതെ ഫാസ്റ്റ് ലെയ്‌നിൽ നിന്ന് രണ്ടാമത്തെ ലെയ്‌നിലേക്ക് മാറി. രണ്ടാമത്തെ ലെയ്‌നിൽ മറ്റൊരു എസ്‌യുവിയിൽ ഇടിക്കുകയും ഇടിച്ച വാഹനം മറിഞ്ഞു വീഴുകയും ചെയ്തു.
സോഷ്യൽ മീഡിയ ബ്രൗസ് ചെയ്യാനും, ആളുകളെ വിളിക്കാനും, ഫോട്ടോ എടുക്കാനും മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഗുരുതരമായ അപകടങ്ങൾക്ക് കരണമാവുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം നിയമ ലംഘനങ്ങൾക്ക് 800 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്‍റുകളും ശിക്ഷ ലഭിക്കുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.