
നടു റോഡിൽ വാഹനം നിർത്തിയാൽ കനത്ത ശിക്ഷ: മുന്നറിയിപ്പുമായി അബുദാബി പൊലീസ്
അബുദാബി: റോഡിന് നടുവിൽ അശ്രദ്ധമായി വാഹനം നിർത്തിയിട്ടാൽ കനത്ത പിഴയും ശിക്ഷയും നേരിടേണ്ടിവരുമെന്ന് അബുദാബി പൊലീസ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. ഡ്രൈവറുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും ജീവന് ഭീഷണിയുയർത്തുന്ന ഈ പ്രവണതക്കെതിരേ കർശന നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു.
മതിയായ ന്യായീകരണമില്ലാതെ റോഡിന് നടുവിൽ വാഹനം നിർത്തിയിട്ടാൽ 1000 ദിർഹം പിഴയും 6 ട്രാഫിക് പൊയിന്‍റുകളും ശിക്ഷയായി ലഭിക്കും. ഗതാഗതം തടസപ്പെടുത്തുന്ന ഏതൊരു പ്രവൃത്തിക്കും 500 ദിർഹം പിഴ ചുമത്തും.
വാഹനങ്ങൾ യാദൃച്ഛികമായി റോഡിൽ നിർത്തുന്നതിനെ തുടർന്ന് മറ്റ് വാഹനങ്ങൾ കൂട്ടിയിടിക്കുന്നതിന്‍റെയും ഒട്ടേറെ പേർക്ക് ഗുരുതരമായി പരുക്കേൽക്കുന്നതിന്‍റെയും വീഡിയോ പൊലീസ് പങ്കുവെച്ചു.
വാഹനത്തിന് പെട്ടെന്ന് തകരാർ സംഭവിച്ചാൽ, അത് അടുത്തുള്ള എക്സിറ്റിലേയ്ക്ക് മാറ്റിയിടാൻ ശ്രമിക്കണം. വാഹനം ഒരു കാരണവശാലും മാറ്റാൻ കഴിയില്ലെങ്കിൽ ഉടൻ 999-ൽ വിളിച്ച് പൊലീസിനെ വിവരമറിയിക്കണം.
റോഡിൽ പെട്ടെന്ന് വാഹനം നിർത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ മറ്റ് ഡ്രൈവർമാർ ഉചിതമായ മുൻകരുതലുകൾ എടുക്കണം. വാഹനത്തിന്‍റെ ഹാസാർഡ് ലൈറ്റുകൾ ഇടുക, ശ്രദ്ധ തെറ്റാതെ വാഹനമോടിക്കുക, മുന്നിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കുക എന്നിവ അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും.