
അക്കാഫ് അസോസിയേഷൻ പൊന്നോണക്കാഴ്ച പ്രാഥമികമത്സരങ്ങൾ സെപ്തംബർ 21ന്
ദുബായ്: അക്കാഫ് അസോസിയേഷൻ നടത്തുന്ന ഈ വർഷത്തെ ഓണാഘോഷമായ പൊന്നോണക്കാഴ്ച 2025 ന്റെ പ്രാഥമിക മത്സരങ്ങൾ സെപ്റ്റംബർ 21 ഖിസൈസിലെ ന്യൂ ഡോൺ സ്കൂളിൽ നടക്കും ഉച്ചയ്ക്ക് രണ്ട് മണി മുതൽ നാടൻപാട്ട്, മലയാളി മങ്ക, പുരുഷകേസരി, കിഡ്സ് ഫാഷൻ ഷോ എന്നിവയിലെ പ്രാഥമിക റൗണ്ട് മത്സരങ്ങൾ നടക്കും. പ്രാഥമിക ഘട്ടത്തിൽ നിന്നും തെരഞ്ഞെടുക്കുന്ന മത്സരാർഥികൾ സെപ്തംബർ 28 നു ദുബായിലെ വേൾഡ് ട്രേഡ് സെന്‍ററിലെ പൊന്നോണക്കാഴ്ചയുടെ പ്രധാന വേദിയിൽ മാറ്റുരയ്ക്കും.
അക്കാഫിന്‍റെ ഇരുപത്തിയേഴാം വർഷത്തെ ഓണാഘോഷവുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നുമെത്തുന്ന തെരഞ്ഞെടുക്കപ്പെട്ട 27 അമ്മമാരൊത്തുള്ള അമ്മയോണമാണ് പൊന്നോണക്കാഴ്ചയുടെ പ്രധാന സവിശേഷത. മാതൃവന്ദനം എന്ന പേരിലാണ് അമ്മയോണം ആഘോഷിക്കുന്നത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുമാണ് അമ്മമാരെത്തുന്നത്. അക്കാഫിലെ മെമ്പർ കോളെജുകളാണ് അമ്മമാരെ ദുബായിലെത്തിക്കാനുള്ള മുഴുവൻ ചെലവുകളും വഹിക്കുന്നത്.
ദുബായിലെത്തുന്ന അമ്മമാരെ പൊന്നോണകാഴ്ചയുടെ വേദിയിൽ വച്ച് ഉപഹാരങ്ങൾ നൽകി ആദരിക്കുന്നതാണ്. പൊന്നോണകാഴ്ചയുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായുള്ള അക്കാഫ് ഓണം കൺവെൻഷൻ സെപ്തംബർ 21 നു രാവിലെ 10 മുതൽ ഖിസൈസ് മുഹൈസിനയിലുള്ള ന്യൂ ഡോൺ സ്കൂളിൽ വെച്ചു നടക്കുമെന്ന് മീഡിയ കൺവീനർ എ.വി. ചന്ദ്രൻ അറിയിച്ചു.