

റമദാന്‍റെ സ്നേഹ സാന്ത്വനവുമായി അക്കാഫ് അസോസിയേഷൻ ലേബർ ക്യാമ്പുകളിൽ
ദുബായ്: സമാനതകളില്ലാത്ത ആത്മാർഥതയോടെയും കരുതലോടെയും അക്കാഫ് അസോസിയേഷൻ ലേബർ ക്യാമ്പുകളിൽ ഇഫ്താർ ബോക്സ് 7 എന്ന പേരിൽ ഇഫ്താർ കിറ്റ് വിതരണം തുടങ്ങി. പുണ്യ റമദാൻ മാസത്തിലെ കരുണയും ദയയും പങ്കുവെയ്ക്കുക എന്ന ലക്ഷ്യത്തോടെ റമദാന്‍റെ ആദ്യ ദിവസം തന്നെ അക്കാഫ് അസോസിയേഷന്‍റെ വളണ്ടിയർമാർ ദുബായിലെ വിവിധ ലേബർ ക്യാമ്പുകളിൽ ഇഫ്താർ കിറ്റുകളുമായി എത്തി. തുടർച്ചയായി ഇത് ഏഴാമത്തെ വർഷമാണ് അക്കാഫ് അസോസിയേഷൻ ലേബർ ക്യാമ്പുകളിൽ ഇഫ്താർ കിറ്റുകളുമായി എത്തുന്നത്.
ദുബായ് കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് അതോറിറ്റി, ദുബായ് ഇസ്ലാമിക് അഫയേഴ്സ്, എന്നിവരുമായി സഹകരിച്ചാണ് ഇത്തവണയും അക്കാഫ് ഇഫ്താർ കിറ്റ് വിതരണം നടത്തുന്നത്. കൂടാതെ ദുബൈ ഹെൽത്ത് അതോറിറ്റി, ദുബൈ പോലീസ് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളും വിവിധ കോളജ് അലുംനികളും , വെസ്റ്റ് സോൺ സൂപ്പർമാർക്കറ്റ് തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങളും ഇഫ്താർ കിറ്റ് വിതരണവുമായി സഹകരിക്കുന്നുണ്ട്. ഹിറ്റ് 96.7 എഫ് എം ആണ് ഇത്തവണത്തെ റേഡിയോ പാർട്ണർ.
മുൻ വർഷങ്ങളിലേത് പോലെ ഇത്തവണയും റമദാന്‍റെ മുഴുവൻ ദിവസവും ഇഫ്താർ കിറ്റുകളുമായി അക്കാഫ് അസോസിയേഷന്‍റെ വളണ്ടിയർമാർ ദുബായിലെ വിവിധ ലേബർ ക്യാംപുകളിലെത്തുമെന്ന് ഈ വർഷത്തെ ഇഫ്താർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകുന്ന ഇഫ്താർ ബോക്സ് 7 ജനറൽ കൺവീനർ കുട്ടിക്കാനം മരിയൻ കോളജ് പ്രതിനിധി ജിജോ അറക്കൻ അറിയിച്ചു.കുട്ടനാട് കൊച്ചിൻ യൂണിവേഴ്സിറ്റി കോളജ് ഓഫ് എഞ്ചിനീയറിംഗിലെ റാഹില നിഷാൻ, കാഞ്ഞങ്ങാട് നെഹ്റു കോളജ് പ്രതിനിധി തമ്പാൻ കെ പറമ്പത്ത്,കോഴിക്കോട് സമൂറിയൻസ് ഗുരുവായൂരപ്പൻ കോളജിലെ ജുമീഷ് മാധവൻ, കൊട്ടാരക്കര എസ് ജി കോളജിലെ സജി ജോർജ്ജ്, തുരുത്തിക്കാട് ബി എ എം കോളജിലെ പോൾസൺ മണപ്പുറത്ത്എന്നിവരാണ് ഇഫ്താർ ബോക്സ് 7 ന്റെ ജോയിന്‍റ് ജനറൽ കൺവീനർമാർ.
ആദ്യ ദിവസം തന്നെ അൽ ഖൂസിലെ ലേബർ ക്യാമ്പിൽ രണ്ടായിരത്തിലധികം കിറ്റുകളാണ് വിതരണം ചെയ്തത്. ഇത് കൂടാതെ ദുബൈ അൽ ഖിസൈസിലെ രണ്ട് സിഗ്നലുകൾ കേന്ദ്രീകരിച്ച് ടാക്സി ഡ്രൈവർമാർ, ഡെലിവറി ബൈക്കുകൾ എന്നിവർക്കും മറ്റ് വാഹനങ്ങളിലെത്തുന്നവർക്കും നോമ്പ് തുറക്കാനുള്ള സ്നാക്സ് ബോക്സുകൾ വിതരണം ചെയ്യാനായി അക്കാഫിന്‍റെ വോളന്‍റിയർമാർ കർമ്മനിരതരായി പ്രവർത്തിക്കുന്നുണ്ട്. എല്ലാ ദിവസവും വൈകീട്ട് അഞ്ച് മണിക്ക് ശേഷമാണ് ദുബായ് ഖിസൈസിലെ അൽ ബുസ്താൻ സെന്‍റർ, ഗലധാരി ഡ്രൈവിംഗ് സ്കൂൾ എന്നിവിടങ്ങളിലെ സിഗ്നലുകളിലാണ് സ്നാക്സ് ബോക്സുകൾ വിതരണം ചെയ്യുന്നത്. ദിവസേന ഏകദേശം രണ്ടായിരത്തോളം പേരാണ് ഇതിന്‍റെ ഗുണഭോക്താക്കളാകുന്നത്. വിവിധ കോളജ് അലുംനികളിൽ നിന്നായി ഏകദേശം മുന്നൂറോളം വോളന്‍റിയർമാർ കിറ്റ് വിതരണവുമായി സഹകരിക്കുന്നുണ്ട്. ദുബായ് കമ്മ്യൂണിറ്റി ഡെവലപ്പ്മെന്‍റ് അതോറിറ്റിയുടെ ആപ്പിൽ രജിസ്റ്റർ ചെയ്ത് കൊണ്ടാണ് വോളണ്ടിയർമാർ കിറ്റ് വിതരണത്തിൽ സഹകരിക്കുന്നത്.
അക്കാഫ് അസോസിയേഷൻ പ്രസിഡന്‍റ് പോൾ ടി ജോസഫ്, ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ, ട്രഷറർ രാജേഷ് പിള്ള, വൈസ് പ്രസിഡന്‍റ് ലക്ഷ്മി അരവിന്ദ്, ഡയറക്ടർ ബോർഡ് മെമ്പർമാരായ വിൻസന്‍റ് വലിയ വീട്ടിൽ, ഗിരീഷ് മേനോൻ, മുനീർ സി എൽ, സുനിൽ കുമാർ. ആർ, എന്നിവരും വിവിധ കോളജ് അലുംനി ഭാരവാഹികളും ഇഫ്താർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകുന്നുണ്ട്.