
അക്കാഫ് അസോസിയേഷൻ 'പൊന്നോണക്കാഴ്ച' സെപ്റ്റംബർ 28ന് ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ
ദുബായ്: അക്കാഫ് അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം 'അക്കാഫ് പൊന്നോണക്കാഴ്ച ‘25” സെപ്റ്റംബർ 28 ന് ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ ആഘോഷിക്കും. സെപ്റ്റംബർ 28 ന് രാവിലെ 8 മണിക്ക് പൊന്നോണക്കാഴ്ച്ചയുടെ തിരശീലയുയരും. തുടർന്ന് വിവിധ കോളെജ് അലുമ്‌നി അംഗങ്ങൾക്കുള്ള അത്തപ്പൂക്കള മത്സരം, സിനിമാറ്റിക് ഡാൻസ്, കിഡ്സ് ഫാഷൻ ഷോ, നാടൻ പാട്ട്, പായസ മത്സരം, നാടൻ കളികൾ, പുരുഷ കേസരി - മലയാളി മങ്ക മത്സരം, കോളെജുകളുടെ സാംസ്‌കാരിക ഘോഷയാത്ര മത്സരം, കുട്ടികൾക്കായി പെയിന്‍റിങ് - ചിത്ര രചനാ മത്സരങ്ങൾ എന്നിവ അരങ്ങേറും.
ഉച്ചയ്ക്ക് 12 മണിയോട് കൂടി ഓണസദ്യ ആരംഭിക്കും. 10,000 പേരെയാണ് ഓണസദ്യയ്ക്ക് പ്രതീക്ഷിക്കുന്നത്. കേരളത്തിലെ തിരുവനന്തപുരം മുതൽ മഞ്ചേശ്വരം വരെയുള്ള നൂറ്റിമുപ്പത്തഞ്ചോളം വരുന്ന കോളെജ് അലുമ്‌നികളുടെ, ദുബായ് സർക്കാർ അംഗീകരിച്ചിട്ടുള്ള ഏക കൂട്ടായ്മയായ അക്കാഫ് അസോസിയേഷന്‍റെ 27 മത്തെ ഓണാഘോഷമാണ് ഇത്തവണത്തേത്. തുടർച്ചയായ നാലാം വർഷമാണ് അക്കാഫിന്‍റെ ഓണാഘോഷം വേൾഡ് ട്രേഡ് സെൻന്‍ററിൽ വച്ച് നടത്തുന്നത്.
അക്കാഫ് അസോസിയേഷൻ പ്രസിഡന്‍റ് പോൾ ടി ജോസഫ് , ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ, ട്രഷറർ രാജേഷ് പിള്ള, വൈസ് പ്രസിഡന്‍റ് ലക്ഷ്മി അരവിന്ദ്, ഡയറക്റ്റർ ബോർഡ് അംഗങ്ങളായ ഗിരീഷ് മേനോൻ, വിൻസെന്‍റ് വലിയ വീട്ടിൽ, സുനിൽ കുമാർ, സി.എൽ. മുനീർ, ജനറൽ കൺവീനർ വെങ്കിട് മോഹൻ, ജോയിന്‍റ് ജനറൽ കൺവീനർമാരായ നിഷ ഉദയകുമാർ, ബിന്ദു ജെയിംസ്, സുനിൽ കുമാർ, മുഹമ്മദ് ഷാഹി, ജിബി ജേക്കബ് എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റിയാണ് പൊന്നോണക്കാഴ്ച്ചയുടെ വിജയത്തിനായി പ്രവർത്തിക്കുന്നത്.