

അക്കാഫ് അസോസിയേഷന്‍റെ ഇഫ്താർ കിറ്റ് വിതരണം മൂന്ന് ലക്ഷം കവിഞ്ഞു
ദുബായ്: കേരളത്തിലെ കോളെജ് പൂർവ്വ വിദ്യാർഥികളുടെ ഗവൺമെന്‍റ് അംഗീകൃത കൂട്ടായ്മയായ അക്കാഫ് അസോസിയേഷൻ ലേബർ ക്യാമ്പുകളിൽ മൂന്ന് ലക്ഷത്തോളം കിറ്റുകൾ വിതരണം ചെയ്തു. ഫെബ്രുവരി 18നു റമദാൻ ഒന്ന് മുതലാണ് കിറ്റ് വിതരണം ആരംഭിച്ചത്. അൽ ഖൂസിലെയും, സോനാപൂരിലെയും വിവിധ ലേബർ ക്യാമ്പുകൾ, ഖിസൈസിലെ അബൂബക്കർ അൽ സിദ്ദിക്ക് മസ്ജിദ്, അൽ ഖിസൈസിലെ രണ്ട് സിഗ്നലുകൾ എന്നിവിടങ്ങളിലായി വിതരണം ചെയ്തതായി ഇഫ്താർ ബോക്സ്- 7ന്‍റെ ജനറൽ കൺവീനർ ജിജോ അറക്കൻ, ജോയിന്‍റ് ജനറൽ കൺവീനർമാരായ റാഹില നിഷാൻ, തമ്പാൻ കെ പറമ്പത്ത്, ജുമീഷ് മാധവൻ, സജി ജോർജ്ജ്, പോൾസൺ മണപ്പുറത്ത് എന്നിവർ അറിയിച്ചു.
ലോക വനിതാ ദിനമായ മാർച്ച് 8 നു യു എ യിലെ വിവിധ മേഖലയിലുള്ള സ്ത്രീകളാണ് അൽഖൂസിലെ വനിതാ ലേബർ ക്യാമ്പിലെത്തി ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തത്. ചിൽഡ്രൻസ് സാറ്റർഡേ എന്ന പേരിൽ എല്ലാ ശനിയാഴ്ചകളിലും കുട്ടികളും ഇഫ്താർ കിറ്റ് വിതരണത്തിൽ സജീവ പങ്കാളിത്തം വഹിച്ചു വരുന്നു. ദുബായിലെയും ഷാർജയിലെയും വിവിധ സ്കൂളികളിൽ പഠിക്കുന്ന നിരവധി കുട്ടികളാണ് ആവേശത്തോടെ കിറ്റ് വിതരണത്തിൽ പങ്കെടുക്കുന്നത്.
അക്കാഫ് അസോസിയേഷനിലെ മെമ്പർ കോളെജ് അലുംനികളും , വിവിധ വാണിജ്യ സ്ഥാപനങ്ങളും ഇഫ്താർ കിറ്റ് വിതരണവുമായി സഹകരിക്കുന്നതായി അക്കാഫ് അസോസിയേഷൻ പ്രസിഡന്‍റ പോൾ ടി ജോസഫ്, ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ എന്നിവർ അറിയിച്ചു.അക്കാഫ് അസോസിയേഷൻ ട്രഷറർ രാജേഷ് പിള്ള, വൈസ് പ്രസിഡന്‍റ് ലക്ഷ്മി അരവിന്ദ്, ഡയറക്ടർ ബോർഡ് മെമ്പർമാരായ ഗിരീഷ് മേനോൻ, വിൻസന്‍റ് വലിയ വീട്ടിൽ, മുനീർ സി എൽ, സുനിൽ കുമാർ. ആർ, എന്നിവരും വിവിധ കോളെജ് അലുംനി ഭാരവാഹികളും ഇഫ്താർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകുന്നുണ്ട്.