
അക്കാഫ് അസോസിയേഷന്‍റെ ഓണാഘോഷം 'പൊന്നോണകാഴ്ച 2025’ നടത്തി
ദുബായ്: അക്കാഫ് അസോസിയേഷന്‍റെ ഓണം 'പൊന്നോണകാഴ്ച 2025’ എന്ന പേരിൽ ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ ആഘോഷിച്ചു. അക്കാഫ് അസോസിയേഷൻ പ്രസിഡന്‍റ് പോൾ ടി ജോസഫ് നിലവിളക്ക് കൊളുത്തിയതോടെ പൊന്നോണകാഴ്ചയ്ക്ക് തുടക്കമായി. ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ പൊന്നോണക്കാഴ്ച ഉദ്ഘാടനം ചെയ്തു.
സാംസ്‌കാരിക സമ്മേളനത്തിൽ അക്കാഫ് അസോസിയേഷൻ പ്രസിഡന്‍റ് പോൾ ടി. ജോസഫ് അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ ആർ. ശ്രീകണ്ഠൻ നായർ, സിഡിഎ സീനിയർ എക്സിക്യൂട്ടീവ് അഹ്‌മദ് അൽ സാബി, ചലച്ചിത്ര താരം അർജുൻ, അക്കാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ, ട്രഷറർ രാജേഷ് പിള്ള, വൈസ് പ്രസിഡന്‍റ് ലക്ഷ്മി അരവിന്ദ്, ഡയറക്റ്റർ ബോർഡ് അംഗങ്ങളായ ഖാലിദ് നവാബ് ദാദ് കോഡാ, ഗിരീഷ് മേനോൻ, വിൻസെന്‍റ് വലിയ വീട്ടിൽ, ആർ. സുനിൽ കുമാർ, മുനീർ സി എൽ, ജനറൽ കൺവീനർ വെങ്കിട് മോഹൻ, ജോയിന്‍റ് ജനറൽ കൺവീനർമാരായ നിഷ ഉദയകുമാർ, സുനിൽ കുമാർ, മുഹമ്മദ് ഷാഹി, ജിബി ജേക്കബ് എന്നിവർ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു. പൊന്നോണകാഴ്ച 2025 - നോട് അനുബന്ധിച്ച് പുറത്തിറക്കിയ സ്മരണിക ചടങ്ങിൽ പ്രകാശനം ചെയ്തു. മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
രൂപീകരണത്തിന്‍റെ 27 വർഷം പൂർത്തിയാക്കുന്ന അക്കാഫിന്‍റെ ഈ വർഷത്തെ ഓണാഘോഷത്തോടനുബനുബന്ധിച്ച് സംഘടിപ്പിച്ച മാതൃവന്ദനത്തിൽ പങ്കെടുക്കുവാൻ ദുബായിലെത്തിയ 27 അമ്മമാരെ ചടങ്ങിൽ ആദരിച്ചു. കേരളത്തിലെ പതിനാലു ജില്ലകളിലെയും 98 കോളെജുകളെ പ്രതിനിധാനം ചെയ്ത് പതിനായിരത്തോളം പേർ പങ്കെടുത്തു.
പുരുഷകേസരി, മലയാളിമങ്ക, സിനിമാറ്റിക് ഡാൻസ്, അത്തപ്പൂക്കളം, പായസ മത്സരം, ഘോഷയാത്ര, നാടൻ പാട്ട്, പെയിന്‍റിങ്, പെൻസിൽ ഡ്രോയിങ്, നാടൻ കായിക മത്സരങ്ങൾ കിഡ്സ് ഫാഷൻ ഷോ എന്നിവ നടത്തി. ആനയും, പഞ്ചവാദ്യവും, പുലിക്കളിയും, ചെണ്ടമേളവും, മലയാളി മങ്കമാരുടെ തിരുവാതിരയും, സിനിമാറ്റിക് ഡാൻസും, നാടൻപാട്ടും, പുരുഷ കേസരി - മലയാളി മങ്ക മത്സരങ്ങളും ആഘോഷത്തിന് മാറ്റ് കൂട്ടി. കോളെജുകളുടെ ഘോഷയാത്ര മത്സരത്തിൽ നാൽപ്പത് കോളെജുകളാണ് മത്സരിച്ചത്.