
ദുബായ്: നിശ്ചയ ദാർഢ്യ വ്യക്തികൾക്കുള്ള പുതിയ ഉത്പന്നങ്ങളും സൗകര്യങ്ങളും പ്രദർശിപ്പിക്കുന്ന ആക്‌സസബിലിറ്റീസ് എക്‌സ്‌പോ 2024 ശ്രദ്ധേയമായി.
ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാനും ദുബായ് എയർപോർട്ട്സ് പ്രസിഡന്‍റും എമിറേറ്റ്‌സ് എയർലൈൻ ആൻഡ് ഗ്രൂപ് ചെയർമാനും ചീഫ് എക്‌സിക്യൂട്ടിവുമായ ശൈഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം എക്സ്പോയിലെ ദുബായ് പൊലീസ് സ്റ്റാൻഡ് സന്ദർശിച്ചു.
ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കുന്ന എക്‌സ്‌പോ 2024ൽ നിശ്ചയ ദാർഢ്യക്കാർക്കുള്ള ഏറ്റവും പുതിയ സേവനങ്ങളും സാങ്കേതിക വിദ്യകളും ഉപകരണങ്ങളും സ്മാർട്ട് സൊല്യൂഷനുകളുമാണ് അവതരിപ്പിച്ചിരിക്കുന്നത്.
ദുബായ് പൊലീസിലെ പീപിൾ ഓഫ് ഡിറ്റർമിനേഷൻ എംപവർമെന്‍റ് കൗൺസിൽ ചെയർപേഴ്‌സൺ മേജർ അബ്ദുല്ല ഹമദ് അൽ ഷംസി, നിശ്ചയ ദാർഢ്യക്കാരെ ശാക്തീകരിക്കാനും സമൂഹവുമായി അവരുടെ സമന്വയം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ഏറ്റവും പ്രധാന എക്സിബിഷനുകളിലൊന്നിൽ വർഷം തോറും പങ്കെടുക്കാനുള്ള കൗൺസിലിന്‍റെ പ്രതിബദ്ധതയെക്കുറിച്ച് വിശദീകരിച്ചു.
മികച്ച പ്രൊഫഷണൽ, അക്കാദമിക്, അത്‌ലറ്റിക് നേട്ടങ്ങൾ കൈവരിച്ച ജീവനക്കാരും കമ്മ്യൂണിറ്റി അംഗങ്ങളും എന്ന നിലയിൽ നിശ്ചയ ദാർഢ്യമുള്ള ആളുകളിൽ ദുബായ് പൊലീസ് അഭിമാനിക്കുന്നുവെന്ന് മേജർ അൽ ഷംസി പറഞ്ഞു. വൈകല്യങ്ങളുണ്ടായിട്ടും നേടാനാകുന്ന കാര്യത്തിന് പരിധികളില്ലെന്നും ഇച്ഛാശക്തിയും നിശ്ചയ ദാർഢ്യവുമാണ് മികവിന്‍റെയും വിജയത്തിന്‍റെയും പ്രധാന ചാലകങ്ങളെന്നും ഈ വിജയങ്ങൾ തെളിയിക്കുന്നുവെന്നും അദേഹം കൂട്ടിച്ചേർത്തു.
എക്‌സ്‌പോയുടെ മൂന്ന് ദിവസങ്ങളിൽ, 'ഹീറോസ് ടോക്ക്' സംഘടിപ്പിക്കുമെന്ന് മേജർ അൽ ഷംസി വെളിപ്പെടുത്തി. പ്രചോദനാത്മക നേട്ടങ്ങളും വിജയ ഗാഥകളും പങ്കിടുന്ന നിശ്ചയ ദാർഢ്യമുള്ള വ്യക്തികളെ അവതരിപ്പിക്കും.
പ്രാദേശികമായും അന്തർദേശീയമായും ഷൂട്ടിംഗ് ഇനങ്ങളിൽ മത്സരിക്കാൻ പ്രാപ്തരാക്കുന്ന ഇരട്ട അംഗ വൈകല്യമുള്ള വ്യക്തികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഷൂട്ടിംഗ് വീൽ ചെയർ ദുബായ് പൊലീസ് സ്റ്റാൻഡിന്‍റെ സവിശേഷതയാണെന്ന് കൗൺസിൽ വൈസ് ചെയർമാൻ ക്യാപ്റ്റൻ മുഹമ്മദ് അൽ മസ്റൂയി വിശദീകരിച്ചു. എക്സ്പോ നാളെ സമാപിക്കും.