
അപകട രഹിത ദിനാചരണം: ബാക്ക്-ടു-സ്‌കൂൾ ട്രാഫിക് സുരക്ഷാ പദ്ധതിക്ക് തുടക്കം
ദുബായ്: യുഎഇയിൽ ഈ മാസം 25ന് പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി നടത്തുന്ന അപകട രഹിത ദിനാചരണത്തിന്‍റെ ഭാഗമായുള്ള ബാക്ക്-ടു-സ്‌കൂൾ ട്രാഫിക് സുരക്ഷാ പദ്ധതിക്ക് തുടക്കമായി. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുക, സ്‌കൂളുകൾക്ക് പുറത്തുള്ള ഡ്രോപ്-ഓഫ്, പിക്ക്-അപ് സമയങ്ങളിലെ തിരക്ക് കുറയ്ക്കുക, വാഹനമോടിക്കുന്ന എല്ലാവരിലും ഉത്തരവാദിത്ത റോഡ് പെരുമാറ്റം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ബാക്ക്-ടു-സ്‌കൂൾ ട്രാഫിക് സുരക്ഷാ സംരംഭത്തിന്‍റെ ലക്ഷ്യം.
ഇതിന്‍റെഭാഗമായി ദുബായിലെ സ്‌കൂളുകളിൽ രാവിലെയും ഉച്ചയ്ക്കും തിരക്കേറിയ സമയങ്ങളിൽ ട്രാഫിക് ഓഫിസർമാരെയും പട്രോളിങ്ങ് ഉദ്യോഗസ്ഥരെയും വിന്യസിക്കുമെന്ന് ദുബായ് പൊലീസിലെ ജനറൽ ട്രാഫിക് വകുപ്പ് ഡയറക്റ്റർ ബ്രിഗേഡിയർ ജുമാ സാലിം ബിൻ സുവൈദാൻ പറഞ്ഞു. “ഗതാഗതം സുഗമമാക്കുക, തടസങ്ങൾ ഇല്ലാതാക്കുക , വിദ്യാർഥികൾ ഉൾപ്പെടുന്ന അപകടങ്ങൾ ഒഴിവാക്കുക എന്നിവയാണ് ഞങ്ങളുടെ ലക്ഷ്യം'' -അദ്ദേഹം വിശദീകരിച്ചു.
സെക്കൻഡറി സ്‌കൂളുകൾക്ക് ചുറ്റും പട്രോളിങ് സാന്നിധ്യം വർധിപ്പിക്കുകയും സ്‌കൂൾ ബസ് ഡ്രൈവർമാർ സുരക്ഷാ പ്രോട്ടോകോളുകൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. വിദ്യാർഥികളെ സുരക്ഷിതമായി രക്ഷിതാക്കളുടെ പക്കൽ എത്തിക്കുക, ക്രമ രഹിത സ്റ്റോപ്പുകൾ ഒഴിവാക്കുക, വിദ്യാർഥികൾ കടന്നു പോകുന്നതിന് മുൻപ് റോഡിൽ മറ്റ് വാഹനങ്ങളില്ലെന്ന് ഉറപ്പാക്കുക എന്നിവയാണ് ഡ്രൈവർമാർക്കുള്ള പ്രധാന നിർദേശങ്ങൾ.
കുട്ടികളെ നേരിട്ട് സ്കൂൾ ഗേറ്റുകളിൽ ഇറക്കി വിടുന്നതും, ഗതാഗതത്തിന് തടസമാകുന്ന വിധത്തിൽ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിൽ വാഹനം നിർത്തുന്നത് ഒഴിവാക്കാനും അദ്ദേഹം രക്ഷിതാക്കളോട് ആവശ്യപ്പെട്ടു.