'ലോക'യിൽ എന്ത് കൊണ്ട് അഭിനയിച്ചില്ലെന്ന മകന്‍റെ ചോദ്യം അമ്പരപ്പിച്ചുവെന്ന് നടൻ ആസിഫലി

ചിത്രത്തിലെ നായികയായ അപർണ ബാലമുരളിയുമൊത്ത് അഭിനയിക്കുമ്പോൾ മികച്ച പ്രകടനം നടത്താൻ കഴിയാറുണ്ടെന്നും ആസിഫ് പറഞ്ഞു.
Actor Asif Ali says he was surprised by his son's question about why he didn't act in 'Loka'

'ലോക'യിൽ എന്ത് കൊണ്ട് അഭിനയിച്ചില്ലെന്ന മകന്‍റെ ചോദ്യം അമ്പരപ്പിച്ചുവെന്ന് നടൻ ആസിഫലി 

Updated on

ദുബായ്: സിനിമാജീവിതത്തിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തുവെന്ന് വിശ്വസിക്കുന്ന തന്നോട് 'ലോക'യിൽ എന്തുകൊണ്ട് അഭിനയിച്ചില്ല എന്നാണ് തന്‍റെ മകൻ ചോദിക്കുന്നതെന്ന് നടൻ ആസിഫലി. 12 വയസുള്ള മൂത്ത മകൻ ആദത്തിന് താൻ അഭിനയിക്കുന്ന തരം സിനിമകളോട് വലിയ താത്പര്യമില്ല. പുതു തലമുറയുടെ അഭിരുചി മാറുകയാണ് എന്നും ആസിഫലി പറഞ്ഞു. ജിത്തു ജോസഫ് സംവിധാനം ചെയ്ത പുതിയ ചിത്രമായ 'മിറാഷി'ന്‍റെ പ്രമോഷന്‍റെ ഭാഗമായി ദുബായ് ബാരാക് ഹോട്ടലിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ആസിഫലി.

തിയറ്ററിൽ പോയി സിനിമ കാണുന്ന അനുഭവം നൽകാൻ ഒടിടിക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വിജയിക്കുന്ന സിനിമകൾ ഏതെന്ന് മുൻകൂട്ടി കാണാനാവില്ല. എല്ലാ പ്രേക്ഷകരും ഒരു ഒരുപോലെ ഇഷ്ടപ്പെടുന്ന സിനിമകൾ മാത്രം എടുക്കാൻ ആർക്കും സാധിക്കില്ലെന്നും ആസിഫലി വ്യക്തമാക്കി. മലയാളത്തിലെ അഭിനേതാക്കൾ ഒരിക്കലും കഥാപാത്രത്തിന്‍റെ ഹീറോയിസത്തിന്‍റെ മാത്രം അടിസ്ഥാനത്തിലല്ല സിനിമകൾ തെരഞ്ഞെടുക്കുന്നത്.

അഭിനയ സാധ്യതയാണ് മാനദണ്ഡമെന്നും അദ്ദേഹം പറഞ്ഞു. ബോളിവുഡ് താരങ്ങൾ നിരാകരിച്ച 'മിറാഷി'ലെ കഥാപാത്രം ഏറ്റെടുത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. തന്‍റെ സിനിമാ ജീവിതത്തിൽ വലിയ മാറ്റം കൊണ്ടുവന്ന ചിത്രമായിരുന്നു ജിത്തു ജോസഫ് സംവിധാനം ചെയ്ത കൂമൻ. പിന്നീട് മൂന്ന് വർഷത്തിന് ശേഷമാണ് വീണ്ടും ജിത്തു ജോസഫിന്‍റെ ചിത്രത്തിലഭനയിക്കുന്നത്. അതുകൊണ്ട് ഏറെ പ്രതീക്ഷയുള്ള ചിത്രമാണിത്. ഇൻസ്റ്റഗ്രാമിലും യുട്യൂബിലും ഷോർട്സും റീൽസുമൊക്കെ കാണുന്നവർക്ക് തിയറ്ററിൽ സിനിമ കാണുമ്പോൾ ഒരു നിമിഷം പോലും ലാഗ് ഉണ്ടാകുന്നത് ഇഷ്ടമല്ല.

ചിത്രത്തിലെ നായികയായ അപർണ ബാലമുരളിയുമൊത്ത് അഭിനയിക്കുമ്പോൾ മികച്ച പ്രകടനം നടത്താൻ കഴിയാറുണ്ടെന്നും ആസിഫ് പറഞ്ഞു. 100 കോടി ക്ലബ് ഭ്രമിപ്പിക്കുന്നില്ലെന്ന് സംവിധായകൻ ജിത്തു ജോസഫ്, മമ്മൂട്ടിക്കായി കാത്തിരിക്കുന്നു 100 കോടി ക്ലബ്, 200 കോടി ക്ലബ് എന്നതൊന്നും തന്നെ ഭ്രമിപ്പിക്കുന്നില്ലെന്ന് മിറാഷിന്‍റെ സംവിധായകൻ ജിത്തു ജോസഫ് പറഞ്ഞു. കോടികൾ വരുമെന്ന് പ്രതീക്ഷിച്ച് ചെയ്യുന്ന സിനിമ തിയറ്റർ എക്സ്പീരിയൻസ് ലഭിക്കുന്നതായിരിക്കും. പക്ഷേ, അത് ഒടിടിയിൽ വരുമ്പോൾ പ്രേക്ഷകർ അത് നിരാകരിച്ചുവെന്ന് വരാം. ചില സിനിമകൾ ഇറങ്ങുന്നതിന് മുൻപ് തന്നെ പല പ്രേക്ഷകരും ഇത് ഒടിടിയിൽ കാണാവുന്ന ചിത്രമാണെന്ന് തീരുമാനിക്കുന്ന പ്രവണതയുണ്ട്. സർക്കീട്ട്, ലെവൽ ക്രോസ് എന്നിവ നല്ല സിനിമകളായിരുന്നു. എന്നാൽ രണ്ട് ചിത്രങ്ങളും ഭൂരിപക്ഷം പ്രേക്ഷകരും തിയറ്ററിൽ കാണാൻ താത്പര്യം കാണിച്ചില്ല.

മമ്മൂട്ടിയെ മോഹിപ്പിക്കുന്ന ഒരു കഥാപാത്രത്തിനായി കാത്തിരിക്കുകയാണെന്ന് ജിത്തു ജോസഫ് പറഞ്ഞു. എന്നോട് വലിയ വാത്സല്യമാണ് അദ്ദേഹത്തിന്. എപ്പോൾ കണ്ടാലും പുതിയ പടത്തെക്കുറിച്ച് അന്വേഷിക്കും. അദ്ദേഹത്തോടൊപ്പം ഒരു ചിത്രം ഒരുക്കാൻ വലിയ ആഗ്രഹമാണ്. അതിനായി നിരന്തരമായി ശ്രമിച്ചുകൊണ്ടിരിക്കുമെന്നും ജിത്തു പറഞ്ഞു. ആസിഫ് അലി എപ്പോഴും സ്വയം നവീകരിക്കുന്ന നടനാണെന്ന് ജിത്തു ജോസഫ് പറഞ്ഞു. ആസിഫലി കൂടുതൽ മികച്ച നടനായി മാറുമെന്നും അദ്ദേഹത്തോടൊപ്പം ഭാവിയിൽ സിനിമകൾ ചെയ്യുമെന്നും സംവിധായകൻ വ്യക്തമാക്കി.

ഓരോ രംഗത്തും പ്രേക്ഷകരിൽ ആകാംക്ഷയുണ്ടാക്കുന്ന ചിത്രമാണ് മിറാഷ്. എന്നാൽ കാണുന്നതുപോലെയല്ല കാര്യങ്ങളെന്ന് പ്രേക്ഷകർ അടുത്ത നിമിഷം തിരിച്ചറിയുന്നു. അതുകൊണ്ടാണ് മരീചിക എന്ന അർഥം വരുന്ന മിറാഷ് എന്ന പേര് ചിത്രത്തിന് നൽകിയത്. അപർണ ബാലമുരളി അവതരിപ്പിക്കുന്ന അഭി എന്ന് വിളിക്കുന്ന അഭിരാമി ഒരു പ്രതിസന്ധിയിൽ അകപ്പെടുന്നതും അതിൽ ഓൺലൈൻ ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റായ ആസിഫ് ഭാഗമാവുന്നതുമാണ് ചിത്രത്തിന്‍റെ പ്രമേയം.

മിറാഷിനെ ഇവെന്‍റഫുൾ എന്‍റർടൈൻമെന്‍റ് എന്ന് വിശേഷിപ്പിക്കാനാണ് താനിഷ്ടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. അഭിനയിക്കാൻ ഒത്തിരി ആഗ്രഹിച്ച സംവിധായകന്‍റെ ചിത്രമാണ് മിറാഷെന്നും ഏറെ പ്രതീക്ഷയുണ്ടെന്നും നടൻ ഹക്കീം ഷാജഹാൻ പറഞ്ഞു. വളരെ മികച്ച കഥാപാത്രമാണ് മിറാഷിലേതെന്ന് അഭിരാമിയുടെ കൂട്ടുകാരി റിതിക എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹന്ന റെജി കോശി പറഞ്ഞു. ചിത്രത്തിന്‍റെ നിർമാതാവ് മുകേഷ് ആർ. മെഹ്ത, തമിഴ് ചലച്ചിത്ര നിർമാതാവ് കണ്ണൻ രവി, വിതരണക്കാരൻ അനീഷ് വാധ്വ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. മാസം 19നാണ് കേരളത്തിനോടൊപ്പം ഗൾഫിലും ചിത്രം റിലീസ് ചെയ്യുന്നത്.

അപർണ ബാലമുരളിയെക്കൂടാതെ ഹക്കീം ഷാജഹാൻ, ഹന്ന റെജി കോശി, ദീപക് പറമ്പോൽ എന്നിവരും മിറാഷിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജതിൻ എം. സേഥി (നാദ് സ്റ്റുഡിയോസ്), മുകേഷ് ആർ. മേത്ത, സെവൻ 1 സെവൻ പ്രൊഡക് ഷൻസ്, ബെഡ്‌ടൈം സ്റ്റോറീസ് എന്നിവയുടെ സഹകരണത്തോടെയാണ് നിർമാണം. ഛായാഗ്രഹണം: സതീഷ് കുറുപ്പ്, എഡിറ്റിങ്: വിനായക്, സംഗീതം: വിഷ്ണു ശ്യാം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com