

ജൂബിലി പ്രതിഭാ പുരസ്‌കാരങ്ങള്‍ അടൂര്‍ ഗോപാലകൃഷ്ണൻ വിതരണം ചെയ്തു.
സൂറത്ത്: വിദ്യാഭ്യാസ സാംസ്‌കാരിക രംഗങ്ങളില്‍ സൂറത്തിലെ മലയാളികളുടെ മഹാപ്രസ്ഥാനമായി മാറിയ കേരള കലാസമിതി കേരളത്തിനു തന്നെ ദിശാനിര്‍ദേശം നല്‍കാന്‍ കെൽപ്പുള്ള വിധം വളര്‍ന്നു പന്തലിച്ചു എന്നു പ്രശസ്ത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍.
പ്രവാസി സമൂഹത്തിനു തന്നെ അഭിമാനമായി മാറിയിരിക്കുന്നു ഈ വിദ്യാഭ്യാസ സ്ഥാപനം. കേരളത്തിലെ സാഹിത്യ സാംസ്‌കാരിക കലാപ്രതിഭകളെ പുരസ്‌കാരം നല്‍കി ആദരിക്കുന്ന ഈ സംരംഭവും മലയാളി മഹാസംഗമവും ഭാവിയിലും തുടരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സൂറത്ത് കേരള കലാസമിതി സ്‌കൂള്‍ അങ്കണത്തില്‍ ചേര്‍ന്ന മലയാളി മഹാസംഗമവും പ്രതിഭാ പുരസ്‌കാര സമര്‍പ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്‍. സമിതി പ്രസിഡന്‍റ് സുരേഷ് പി. നായര്‍ അധ്യക്ഷത വഹിച്ചു.
പായിപ്ര രാധാകൃഷ്ണന്‍, ജോണി ലൂക്കോസ്, ജയരാജ് വാര്യര്‍, വയലാര്‍ ശരത് ചന്ദ്ര വര്‍മ, ആര്‍ട്ടിസ്റ്റ് മദനന്‍ എന്നിവര്‍ അടൂര്‍ ഗോപാലകൃഷ്ണനില്‍ നിന്ന് ജൂബിലി പ്രതിഭാ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.
ഉദ്ഘാടന പ്രസംഗം നിര്‍വഹിക്കുന്ന അടൂര്‍ ഗോപാലകൃഷ്ണനെ വേദിയില്‍ ആര്‍ട്ടിസ്റ്റ് മദനന്‍ രേഖയില്‍ ആവാഹിച്ചു. തുടര്‍ന്ന് വയലാര്‍ സ്മൃതിയും ജയരാജ് ഷോയും നടത്തി.