
അടുത്ത അധ്യയന വർഷം മുതൽ യുഎഇയിലെ പൊതു വിദ്യാലയങ്ങളിൽ എ ഐ പാഠ്യവിഷയം
ദുബായ്: യുഎഇയിലെ എല്ലാ പൊതു വിദ്യാലയങ്ങളിലും അടുത്ത അധ്യയന വർഷം മുതൽ എഐ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനം. കിന്‍റർഗാർട്ടൻ മുതൽ 12-ാം ക്ലാസ് വരെയുള്ള എല്ലാ ഗ്രേഡുകളിലും എഐ വിദ്യാഭ്യാസം നൽകുമെന്ന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു.
"ഭാവി തലമുറകളെ പുതിയ ലോകത്തിലേക്ക് നയിക്കുന്നതിനുള്ള യുഎഇയുടെ ദീർഘകാല പദ്ധതികളുടെ ഭാഗമാണ് ഈ തീരുമാനം. ഈ പുതിയ സാങ്കേതിക വിദ്യയുടെ ധാർമ്മികതയെക്കുറിച്ചുള്ള അവബോധം വളർത്തിയെടുക്കുന്നതിനൊപ്പം, അതിന്‍റെ ഡാറ്റ, അൽഗോരിതങ്ങൾ, ആപ്ലിക്കേഷനുകൾ, അപകടസാധ്യതകൾ, സമൂഹവുമായും ജീവിതവുമായും ഉള്ള ബന്ധം എന്നിവയെക്കുറിച്ചുള്ള വിദ്യാർഥികളുടെ അറിവ് വർധിപ്പിക്കുക എന്നതാണ് ലക്ഷ്യം' ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.
നവീന ക്ലാസ് മുറികൾക്ക് അനുയോജ്യമായ പാഠ്യപദ്ധതികൾ ഉൾപ്പെടെയുള്ള സമഗ്രമായ വിഭവങ്ങൾ അതോറിറ്റി അധ്യാപകർക്ക് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി സാറാ ബിൻത് യൂസഫ് അൽ അമീരി പറഞ്ഞു. ദുബായിലെ സ്കൂളുകളിൽ എഐ വൈദഗ്ധ്യമുള്ള അധ്യാപകരെ ഉൾപ്പെടുത്തുമെന്ന് കഴിഞ്ഞ വർഷം ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചിരുന്നു. എമിറേറ്റിലെ അധ്യാപകർക്ക് എ ഐ അധിഷ്ഠിത അപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ പരിശീലനം നൽകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.