

എഐ ബിൽഡേഴ്സ് ഉച്ചകോടിയിൽ ശ്രദ്ധേയമായി യുഎഇയിലെ വിദ്യാർഥികളുടെ എഐ പ്ലാറ്റ്ഫോമുകൾ
അബുദാബി: ആരോഗ്യമേഖല അഭിമുഖീകരിക്കുന്ന സങ്കീർണവും ഗൗരവമേറിയതുമായ പല വെല്ലുവിളികൾക്കും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിലൂടെ നൂതന പരിഹാരങ്ങൾ നിർദേശിച്ച് യുഎഇയിലെ സർവകലാശാലാ വിദ്യാർഥികൾ. രോഗനിർണയത്തിലെ കാലതാമസം മുതൽ കൃത്യമായ ചികിത്സാ നിർദേശങ്ങൾ ലഭ്യമാക്കുന്നതിൽ വരെയുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾക്കാണ് യുവതലമുറ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഉത്തരം തേടിയത്.
ബുർജീൽ ഹോൾഡിങ്സിന്‍റെ എഐ ആൻഡ് ടെക്നോളജി വിഭാഗമായ ഐമെഡ് സൊല്യൂഷൻസും മെഡിക്കൽ എഡ്യൂക്കേഷൻ വിഭാഗമായ ബുർജീൽ ട്രെയിനിങ് അക്കാദമിയും സംയുക്തമായി അബുദാബിയിൽ സംഘടിപ്പിച്ച 'എഐ ബിൽഡേഴ്സ് സമ്മിറ്റ് 2026' ആരോഗ്യരംഗത്തെ എഐ ഉപയോഗത്തിൽ നൂതന നിർദേശങ്ങളാണ് മുന്നോട്ടുവച്ചത്.
അബുദാബിയിൽ നടന്ന ചടങ്ങിൽ ബുർജീൽ ഹോൾഡിങ്സ് ചെയർമാനും സിഇഒയുമായ ഡോ. ഷംഷീർ വയലിൽ, അബുദാബി ആരോഗ്യ വകുപ്പ് ഐടി ഓപ്പറേഷൻസ് വിഭാഗം തലവനായ എൻജിനീയർ അബ്ദുല്ല അൽ ഫഖീഹ്, അബുദാബി 42 പാർട്ണർഷിപ്പ് ആൻഡ് കമ്മ്യൂണിക്കേഷൻസ് മേധാവി ഡോ. ഹാസിം ജറ എന്നിവരുടെ സാന്നിധ്യത്തിൽ വിജയികളെ പ്രഖ്യാപിച്ചു. ഗോൾഡ്, സിൽവർ, ബ്രോൺസ് എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് പ്രധാന പുരസ്കാരങ്ങൾ സമ്മാനിച്ചത്. 42 അബുദാബിയിലെ ഹംദാൻ ബഷീർ വികസിപ്പിച്ചെടുത്ത 'പ്രിസം' എന്ന കോൺവേർസേഷണൽ എഐ പ്ലാറ്റ്‌ഫോം സ്വർണ മെഡൽ സ്വന്തമാക്കി. രോഗികൾക്ക് ലക്ഷണങ്ങളുടെ ഗൗരവം തിരിച്ചറിയാനും എന്ത് ചികിത്സ തേടണമെന്ന് മനസിലാക്കാനും ഇത് സഹായിക്കുന്നു. ഒപ്പം, ഡോക്റ്റർമാർക്ക് കൃത്യമായ തീരുമാനങ്ങൾ വേഗത്തിൽ എടുക്കാനുള്ള വിവരങ്ങളും പ്ലാറ്റ്‌ഫോം നൽകും.
രോഗികളുടെ രേഖകൾ കൃത്യമായി ശേഖരിക്കാനും ക്രമീകരിക്കാനും ആരോഗ്യപ്രവർത്തകരെ സഹായിക്കുന്ന 'കേസ്‌റെഡി എഐ' വികസിപ്പിച്ച അൽ ഐൻ യൂണിവേഴ്സിറ്റിയുടെ ബിലാൽ ഫെറോസ് ഖാൻ വെള്ളി മെഡലും , രോഗികൾ, ഡോക്റ്റർമാർ, പരിചരണം നൽകുന്നവർ എന്നിവരെ ഒരു സംവിധാനത്തിന് കീഴിൽ ബന്ധിപ്പിക്കുന്ന 'സനാദി എഐ' പ്ലാറ്റ്‌ഫോം അവതരിപ്പിച്ച അബുദാബി യൂണിവേഴ്സിറ്റിയുടെ ഖദീജ അൽ ഖസ്‌റജി വെങ്കല മെഡലും കരസ്ഥമാക്കി. ബെസ്റ്റ് എഐ ബിൽഡർ, ബെസ്റ്റ് എഐ ഫോർ കമ്മ്യൂണിറ്റി ഹെൽത്ത്, റൈസിങ് സ്റ്റാർ, ബെസ്റ്റ് ഹെൽത്ത്കെയർ ഇന്നോവേഷൻ, മോസ്റ്റ് സ്‌കെയ്‌ലബിൾ കൺസെപ്റ്റ്, ബെസ്റ്റ് എഐ പ്രോഡക്റ്റ് തിങ്കർ, ബെസ്റ്റ് യുഐ/യുഎക്സ് തുടങ്ങി ഏഴ് വിഭാഗങ്ങളിലും വിദ്യാർഥികൾ പുരസ്കാരങ്ങൾ നേടി. യുവതലമുറ ആരോഗ്യരംഗത്തെ യഥാർഥ പ്രശ്നങ്ങളെ മനസിലാക്കി സാങ്കേതികവിദ്യയിലൂടെ അവയ്ക്ക് പരിഹാരം കാണുന്നത് അഭിനന്ദനാർഹമാണെന്ന് ഡോ. ഷംഷീർ വയലിൽ പറഞ്ഞു. യുഎഇയിലെ സർവകലാശാലകളിൽ നിന്ന് വരുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിൽ ബുർജീൽ ഹോൾഡിങ്സ് എപ്പോഴും മുൻപന്തിയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.