
എസിയില്ലാത്ത വിമാനത്തിൽ 4 മണിക്കൂർ നരക യാതന: ദുബായ്-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി
ദുബായ്: വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കോഴിക്കോട്ടേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസ് IX 346 വിമാനം എസി സംവിധാനത്തിലെ തകരാർ മൂലം റദ്ദാക്കി. പ്രശ്‌നം പരിഹരിച്ച് ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ വിമാനം ദുബായിൽ നിന്ന് യാത്ര തിരിക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്.
വെള്ളിയാഴ്ച രാവിലെ 9 മണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിൽ എട്ടേകാലോടെ ബോർഡിങ്ങ് തുടങ്ങി. എന്നാൽ എസി കരാറിനെത്തുടർന്ന് വിമാനത്തിന്‍റെ യാത്ര അനിശ്ചിത്വത്തിലായി. സ്ത്രീകളും കുട്ടികളൂം ഉൾപ്പടെയുള്ള യാത്രക്കാർ കനത്ത ചൂടിൽ അനുഭവിച്ചുതീർത്തത് നാല് മണിക്കൂർ നേരത്തെ നരക യാതന.
ഒരു മണിയോടെയാണ് സർവീസ് റദ്ദാക്കിയ കാര്യം യാത്രക്കാരെ അറിയിക്കുന്നത്. അടിയന്തര ആവശ്യങ്ങൾക്ക് പോകേണ്ടവർ മറ്റ് വിമാനങ്ങളിൽ യാത്ര ചെയ്യാനുള്ള ശ്രമങ്ങൾ നടത്തി.
മണിക്കൂറുകൾക്ക് ശേഷമാണ് ശനിയാഴ്ച പുലർച്ചെ 3 മണിയോടെ വിമാനം യാത്ര തിരിക്കുമെന്ന് അധികൃതർ അറിയിച്ചത്.
യാത്രക്കാർക്ക് ഹോട്ടൽ താമസം, സൗജന്യ സർവീസ് റീഷെഡ്യൂളിംഗ് എന്നിവ സജ്ജമാക്കിയിട്ടുണ്ടെന്ന് എയർ ഇന്ത്യ വക്താവ് പറഞ്ഞു. റദ്ദാക്കിയ ടിക്കറ്റുകളുടെ മുഴുവൻ തുകയും റീഫണ്ട് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.