
ഇന്ത്യൻ സ്വാതന്ത്ര്യ ദിനം: അഞ്ച് മില്യൺ സീറ്റുകളുമായി എയർ ഇന്ത്യ എക്സ്പ്രസിന്‍റെ 'ഗ്രാൻഡ് ഫ്രീഡം സെയ്ൽ'
file image
ദുബായ്: ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എയർ ഇന്ത്യ എക്സ്പ്രസ് വിമാന ടിക്കറ്റുകളിൽ ഇളവ് പ്രഖ്യാപിച്ചു. യഥാക്രമം 53.50 ദിർഹം (1,279 രൂപ), 179 ദിർഹം (4,279 രൂപ) മുതലാണ് ആഭ്യന്തര, അന്തർദേശീയ നിരക്കുകൾ ആരംഭിക്കുന്നത്.
യുഎഇയിലേക്കുൾപ്പെടെയുള്ള ആഭ്യന്തര, അന്തർദേശീയ വിമാനങ്ങളിലായി അഞ്ച് ദശലക്ഷം സീറ്റുകളാണ് നിരക്കിളവിൽ നൽകുന്നത്.
യുഎഇയിൽ താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ 3.7 ദശലക്ഷത്തിലധികം ഇന്ത്യൻ പൗരന്മാർക്കും സന്ദർശകർക്കും ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. ഇത് ഉപയോഗപ്പെടുത്താം. ദുബായ്, അബുദാബി, ഷാർജ, റാസൽഖൈമ എന്നിവയെ ഇന്ത്യയിലെ നഗരങ്ങളുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള പദ്ധതിയാണിത്.
116 വിമാനങ്ങളുപയോഗിച്ച് 38 ആഭ്യന്തര, 17 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളെ കേന്ദ്രീകരിച്ച് 500ലധികം പ്രതിദിന വിമാന സർവിസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് നടത്തുന്നത്.
ഞായറാഴ്ച എയർലൈനിന്‍റെ വെബ്‌സൈറ്റിലും ആപ്പിലും ഇതിന്‍റെ വിൽപന ആരംഭിച്ചു. ഈ മാസം 15 വരെയാണ് ബുക്ക് ചെയ്യാൻ സാധിക്കുന്നത്. എല്ലാ പ്രധാന ബുക്കിംഗ് ചാനലുകളിലും ഇത് ലഭ്യമാകും. ചെക്ക്-ഇൻ ബാഗേജ് അലവൻസ് ഉൾപ്പെടുന്ന എക്സ്പ്രസ് വാല്യു നിരക്കുകൾ ആഭ്യന്തര സർവീസിന് 1,379 രൂപയിൽ നിന്നും അന്താരാഷ്ട്ര വിമാനങ്ങൾക്ക് 4,479 രൂപയിൽ നിന്നും ആരംഭിക്കും.
വിദ്യാർഥികൾ, മുതിർന്ന പൗരന്മാർ, സായുധ സേനാംഗങ്ങൾ, അവരുടെ ആശ്രിതർ എന്നിവർക്ക് പ്രത്യേക നിരക്കുകളും ആനുകൂല്യങ്ങളും ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഓണം, ദുർഗ പൂജ, ദീപാവലി, ക്രിസ്മസ്, മറ്റ് അവധി ദിവസങ്ങൾ എന്നിവ ഉൾപ്പെടെ 2025 ഓഗസ്റ്റ് 19 മുതൽ 2026 മാർച്ച് 31 വരെ ഈ ഓഫർ പ്രകാരമുള്ള ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് യാത്ര ചെയ്യാമെന്ന് എയർലൈൻ അറിയിച്ചു.