

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്..! ഗൾഫ് സർവീസ് നിർത്തി വിമാന കമ്പനികൾ
ദുബായ്: യുഎസ് സൈനികത്താവളം ലക്ഷ്യമാക്കി ഇറാൻ സ്ഫോടനം ആക്രമണം ആരംഭിച്ചതോടെ യുഎഇയും ഖത്തറും കുവൈത്തും വ്യോമപാത അടച്ചു. പിന്നാലെ എയർ ഇന്ത്യയും, ഇൻഡിഗോയും അടക്കമുള്ള വിമാന കമ്പനികൾ ഗൾഫ് സർവീസുകൾ നിർത്തി. യുദ്ധസമാന സാഹചര്യം കണക്കിലെടുത്ത് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നുള്ള നിരവധി വിമാനങ്ങളും കൂട്ടത്തോടെ റദ്ദാക്കിയിട്ടുണ്ട്.
മുൻകരുതൽ നടപടികളുടെ ഭാഗമായാണ് നടപടി. ഖത്തർ എയർവേസ്, ടർക്കിഷ് എയർലൈനുകൾ സർവീസുകൾ നേരത്തേ നിർത്തിവെച്ചിരുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് വിമാന കമ്പനികൾ അറിയിച്ചു.
ഗൾഫ് രാജ്യങ്ങൾക്ക് പുറമേ ഇറാനും ഇറാക്കും ഇസ്രയേലും നേരത്തെ തന്നെ വ്യോമപാത അടച്ചിരുന്നു. ഇതോടെ ഈ മേഖലകളിലെ നിരവധി വിമാനങ്ങൾ വഴിതിരിച്ച് വിട്ടിരുന്നു. പിന്നാലെയാണ് യുഎഇയും ഖത്തറും വ്യോമപാത അടയ്ക്കുന്നതായി അറിയിച്ചത്. വിമാനസർവീസുകളുടെ തൽസ്ഥിതികളറിയാൻ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെടാനും നിർദേശമുണ്ട്.
ഇറാഖ്, ജോര്‍ദാന്‍, ഇസ്രായേല്‍, ഇറാന്‍ എന്നിവയുള്‍പ്പെടെ മേഖലയിലെ നിരവധി രാജ്യങ്ങള്‍ എല്ലാ സിവിലിയന്‍ ഗതാഗതത്തിനും ആകാശപാത ഔദ്യോഗികമായി അടച്ചു കഴിഞ്ഞു.
എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ലുഫ്താന്‍സ, കെഎല്‍എം, എയര്‍ ഫ്രാന്‍സ്, വിസ് എയര്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന വിമാനക്കമ്പനികള്‍ ടെല്‍ അവീവ്, അമ്മാന്‍, ദുബായ്, അബുദാബി, മറ്റ് ഗള്‍ഫ് ഹബ്ബുകള്‍ എന്നിവിടങ്ങളിലേക്കുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിവച്ചു. ഇന്ത്യന്‍ വിമാനക്കമ്പനികളായ ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും സ്ഥിതിഗതികള്‍ തത്സമയം നിരീക്ഷിച്ചുവരികയാണ്.
അഫ്ഗാനിസ്ഥാന്‍, മധ്യേഷ്യ വഴിയുള്ള വലിയ തോതിലുള്ള റൂട്ട് മാറ്റത്തെ കുറിച്ച് ആലോചിക്കുന്നുണ്ട്. ഇത് പക്ഷേ ഇന്ധനച്ചെലവും വിമാന സമയവും ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷം യൂറോപ്പിലേക്കും വടക്കേ അമെരിക്കയിലേക്കുമുള്ള എയര്‍ ഇന്ത്യ റൂട്ടുകളെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. ആഫ്രിക്കയുടെ തെക്കേ അറ്റം വഴി വിമാനങ്ങള്‍ വഴിതിരിച്ചു വിടുന്നതിനാല്‍ യാത്രാ സമയം നീളമേറിയതാകും.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ദുബായ് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (ഡിഎക്‌സ്ബി), ദുബായ് വേള്‍ഡ് സെന്‍ട്രല്‍, അല്‍ മക്തൂം ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (ഡിഡബ്ല്യുസി) എന്നിവിടങ്ങളിലെ എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവച്ചു.