
ന്യൂഡൽഹി: പ്രവാസികളുടെ യാത്രയുമായി ബന്ധപ്പെട്ട എയർസേവ പോർട്ടൽ പ്രശ്‌നം പരിഹരിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രാലയം ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഹർജി ഡൽഹി ഹൈക്കോടതി പരിഗണിക്കവെയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം ഡൽഹി ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത്. വിമാനയാത്രക്കാരുടെ പ്രശ്നപരിഹാരത്തിനായി വ്യോമയാന മന്ത്രാലയം നേരിട്ട് നടത്തുന്ന എയർസേവ പോർട്ടൽ കഴിഞ്ഞ കുറച്ചു നാളുകളായിട്ട് കാര്യക്ഷമമല്ലെന്നും അടുത്തിടെയുണ്ടായ വ്യാപകമായി ഉണ്ടായ സർവീസ് റദ്ദാക്കലുകളെ തുടർന്ന് റീഫണ്ടും നഷ്ടപരിഹാരവും കിട്ടുന്നതിന് ബുദ്ധിമുട്ട് നേരിടുന്നുവെന്നും
ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രവാസി ലീഗൽ സെൽ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിൽ അടിയന്തിര നടപടി സ്വീകരിക്കുവാനായി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവർ കഴിഞ്ഞ സെപ്റ്റംബർ മാസം 27ന് ഉത്തരവിട്ടിരുന്നു.
ഈ ഉത്തരവ് നടപ്പാക്കുന്ന വിഷയത്തിൽ പ്രവാസി ലീഗൽ സെൽ ഡൽഹി ഹൈക്കോടതിയെ കോടതി അലക്ഷ്യ ഹർജിയുമായി സമീപിച്ചതിനെ തുടർന്നാണ് ഇപ്പോൾ കേന്ദ്ര വ്യോമയാന മന്ത്രാലയം ഈ തീരുമാനം കോടതിയെ അറിയിച്ചത്.
എയർസേവ പോർട്ടലിൽ ഉണ്ടായ സാങ്കേതിക പ്രശ്നം പരിഹരിച്ചുവെന്നും പോർട്ടൽ ഇപ്പോൾ സുശക്തമെന്നും വ്യോമയാന മന്ത്രാലയം പറയുന്നു.
പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്‍റ് അഡ്വ. ജോസ് എബ്രഹമാണ് ഈ വിഷയത്തിൽ ഹൈക്കോടതിയെ സമീപിച്ചത്. അഡ്വ. മനസ് ഹമീദ്, അഡ്വ. സാറ ഷാജി, അഡ്വ. ബേസിൽ ജോൺസൺ എന്നിവരാണ് പ്രവാസി ലീഗൽ സെല്ലിനായി ഡൽഹി ഹൈക്കോടതിയിൽ ഹാജരായത്.
ഡൽഹിഹൈക്കോടതി ഇടപെടലും കേന്ദ്ര വ്യോമയാന മന്ത്രാലയ നടപടികളും സ്വാഗതാർഹമാണെന്നും പ്രവാസികളുടെ യാത്രപ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി തുടർന്നും ഇടപെടലുകൾ നടത്തുമെന്നും പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവും ബഹറിൻ ചാപ്റ്റർ അധ്യക്ഷനുമായ സുധീർ തിരുനിലത്ത് ദുബായ് ചാപ്റ്റർ അധ്യക്ഷൻ ടിഎൻ കൃഷ്ണകുമാർ എന്നിവർ വാർത്താക്കുറിപ്പിൽ പറഞ്ഞു.