
ദുബായ്ക്കു പിന്നാലെ അബുദാബിയിലും എയർ ടാക്സി പരീക്ഷണ പറക്കൽ വിജയകരം
അബുദാബി: അബുദാബിയിൽ നടത്തിയ ആദ്യ പറക്കും ടാക്സി പരീക്ഷണ പറക്കൽ വിജയകരമാണെന്ന് അധികൃതർ പ്രഖ്യാപിച്ചു. അൽ ബത്തീൻ എക്സിക്യൂട്ടീവ് വിമാനത്താവളത്തിൽ ബുധനാഴ്ചയാണ് പറക്കും ടാക്സിയുടെ വിജയകരമായ പരീക്ഷണ പറക്കൽ നടത്തിയത്. അടുത്ത വർഷമാണ് അബുദാബിയിൽ എയർ ടാക്സി സർവീസ് വാണിജ്യാടിസ്ഥാനത്തിൽ തുടങ്ങുന്നത്.
യുഎസ് ആസ്ഥാനമായുള്ള ആർച്ചർ ഏവിയേഷനും അബുദാബി ഇൻവെസ്റ്റ്‌മെന്‍റ് ഓഫീസും സംയുക്തമായാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ജോബി ഏവിയേഷൻ രണ്ട് ദിവസങ്ങൾക്ക് മുൻപ് ദുബായിൽ നടത്തിയ പരീക്ഷണ പറക്കൽ വിജയകരമായിരുന്നു. ആർച്ചറിന്‍റെ പറക്കും ടാക്സികളുടെ നിർമ്മാണം 2027 ൽ അൽ ഐനിൽ ആരംഭിക്കും.