
പുതിയ വേനൽക്കാല ജോലി നയം പ്രഖ്യാപിച്ച് അജ്‌മാൻ സർക്കാർ
file image
അജ്‌മാൻ: അജ്മാനിൽ സർക്കാർ ജീവനക്കാർക്കുള്ള പുതിയ വേനൽക്കാല നയം ജൂലൈ ഒന്നിന് പ്രാബല്യത്തിൽ വരും.ഓഗസ്റ്റ് 22 വരെയുള്ള കാലയളവിൽ വെള്ളിയാഴ്ചകളിൽ റിമോട്ട് ജോലി അനുവദിച്ചിട്ടുണ്ട്. തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ ജോലി സമയത്തിൽ ഒരു മണിക്കൂർ കുറവും ലഭിക്കും. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 2.30 വരെയാണ് സർക്കാർ ജീവനക്കാരുടെ ജോലി സമയം.
അവശ്യ പൊതു സേവനങ്ങൾ തടസമില്ലാതെ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാർ ജീവനക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പുതിയ സംരംഭത്തിന് കിരീടാവകാശി ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയുടെ അധ്യക്ഷതയിൽ ചേർന്ന അജ്മാൻ എക്സിക്യൂട്ടീവ് കൗൺസിൽ അംഗീകാരം നൽകി.
എമിറേറ്റിലെ മാനവ വിഭവശേഷി വകുപ്പ് ഈ സംരംഭത്തിന്‍റെ നടത്തിപ്പിന് മേൽനോട്ടം വഹിക്കുകയും, അനുയോജ്യമായ പ്രവർത്തന മാതൃകകൾ വികസിപ്പിക്കുകയും ചെയ്യും. 2025 സെപ്റ്റംബറോടെ സർക്കാർ പ്രകടനം, ജീവനക്കാരുടെ സംതൃപ്തി, സമൂഹ ക്ഷേമം എന്നിവവിലയിരുത്തിയുള്ള സമഗ്ര റിപ്പോർട്ട് സമർപ്പിക്കും. ഈ വർഷത്തെ വേനൽക്കാലത്ത് ദുബായിലെ പൊതുമേഖലാ ജീവനക്കാർക്ക് സൗകര്യപ്രദമായ ജോലി സമയം തിരഞ്ഞെടുക്കാൻ അവസരം നൽകിയിരുന്നു. ഇതിന്‍റെ ചുവട് പിടിച്ചാണ് അജ്മാൻ സർക്കാരിന്‍റെ പ്രഖ്യാപനം.