ഉപഭോക്തൃ സുരക്ഷ: പരിശോധനാ ക്യാമ്പയിനുമായി അജ്മാൻ മുനിസിപ്പാലിറ്റി

Ajman Municipality launches Consumer safety campaign inspection
ഉപഭോക്തൃ സുരക്ഷ: പരിശോധനാ ക്യാമ്പയിനുമായി അജ്മാൻ മുനിസിപ്പാലിറ്റി
Updated on

അജ്‌മാൻ: ഉപഭോക്തൃ സുരക്ഷ ഉറപ്പാക്കാൻ അജ്മാൻ മുനിസിപ്പാലിറ്റിയും പ്ലാനിങ് ഡിപാർട്മെന്റും ഭക്ഷ്യ സ്ഥാപനങ്ങളിൽ പരിശോധനാ കാംപയിനുകൾ ശക്തമാക്കി. മധുര പലഹാരങ്ങൾ, പാനീയങ്ങൾ, ഉത്സവ വിഭവങ്ങൾ എന്നിവയുടെ ഉപഭോഗത്തിൽ വർധന പ്രതീക്ഷിക്കുന്ന റമദാന് മുന്നോടിയായി 'ഹഖ് അൽ ലൈല' ആഘോഷ പശ്ചാത്തലത്തിലാണ് പരിശോധനകൾക്ക് തുടക്കം കുറിച്ചത്. ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യൽ, സംഭരണം, ശുചിത്വ നടപടികൾ, നിയന്ത്രണ ആവശ്യകതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കി ആരോഗ്യ മാനദണ്ഡങ്ങൾ കർശനമായി പാലിക്കൽ എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് അജ്‌മാൻ പൊതുജനാരോഗ്യ പരിസ്ഥിതി മേഖലാ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. ഖാലിദ് മുഈൻ അൽ ഹുസനി അറിയിച്ചു.

നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കുന്നുണ്ടെന്നുറപ്പാക്കാൻ തങ്ങൾ എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളുമായും അടുത്ത് പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. പൊതുജനാരോഗ്യം സംരക്ഷിക്കാനുള്ള മികച്ച രീതികൾ നടപ്പാക്കാൻ ബിസിനസ് സ്ഥാപനങ്ങളോട് അദ്ദേഹം അഭ്യർത്ഥിച്ചു. പ്രധാന വാണിജ്യ കേന്ദ്രങ്ങളിൽ നിന്നും സൂപർ മാർക്കറ്റുകളിൽ നിന്നും ഭക്ഷ്യ സാമ്പിളുകൾ ശേഖരിച്ച് പൊതുജനാരോഗ്യ വകുപ്പ് പ്രാദേശിക വിപണികളിൽ വിപുലമായ സർവേകൾ നടത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഹഖ് അൽ ലൈല ആഘോഷ വേളയിൽ സാധാരണയായി വലിയ അളവിൽ ഉപയോഗിക്കുന്ന മധുര പലഹാരങ്ങൾ, പാനീയങ്ങൾ, പ്രമോഷണൽ ഓഫറുകൾ തുടങ്ങിയ ഉൽപന്നങ്ങൾ മുനിസിപ്പാലിറ്റിയുടെ കേന്ദ്ര ഭക്ഷ്യ ലബോറട്ടറികളിൽ കർശന പരിശോധനയ്ക്ക് വിധേയമാക്കി.

ലബോറട്ടറി പരിശോധനകളിൽ നിന്നുള്ള പ്രാഥമിക കണ്ടെത്തലുകൾ വഴി മിക്ക ഭക്ഷ്യ സ്ഥാപനങ്ങളും സുരക്ഷാ, ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടതായി അൽ ഹുസനി പറഞ്ഞു. ഇത് എമിറേറ്റിലെ ഭക്ഷ്യ വിതരണ ശൃംഖലയിലുള്ള ഉപഭോക്തൃ ആത്മവിശ്വാസം ശക്തിപ്പെടുത്തുന്നതാണ്. ഭക്ഷ്യ സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ കർശന ശിക്ഷകൾ നേരിടേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഭക്ഷ്യ സുരക്ഷ സംബന്ധിച്ച ആശങ്കകളും വിവരങ്ങളും മുനിസിപ്പാലിറ്റിയുടെ ഹോട്ട്‌ലൈൻ ടോൾ ഫ്രീ നമ്പറായ 800 70ൽ റിപ്പോർട്ട് ചെയ്യാൻ അധികൃതർ ആവശ്യപ്പെട്ടു.

ഇമെയിൽ: 80070@ajman.ae

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com