

അജ്മാൻ നഗരസഭ സ്മാർട്ട് സേവനങ്ങൾ ഇനി മുതൽ ‘അജ്മാൻ വൺ’ ആപ്ലിക്കേഷനിൽ
ദുബായ്: അജ്മാൻ നഗരസഭ സ്മാർട്ട് സേവനങ്ങൾ എം.പി.ഡി.എ ആപ്ലിക്കേഷനിൽ നിന്ന് ‘അജ്മാൻ വൺ’ ആപ്ലിക്കേഷനിലേക്ക് മാറുന്നു. നഗരസഭയുമായി ബന്ധപ്പെട്ട 40ലധികം സ്മാർട്ട് സേവനങ്ങൾ ‘അജ്മാൻ വൺ’ ആപ്പിൽ ലഭ്യമാവുമെന്ന് ആസൂത്രണവകുപ്പ് ഡയറക്ടർ ജനറൽ അബ്ദുൽ റഹ്മാൻ മുഹമ്മദ് അൽ നുഐമി പറഞ്ഞു.
ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താനും എല്ലാ സർക്കാർ ഇടപാടുകളും ഒരു ആപ്ലിക്കേഷനിലൂടെ എളുപ്പത്തിലും തടസമില്ലാതെയും പൂർത്തിയാക്കാനും ഇത് വഴി സാധിക്കും.
2014ൽ ആണ് എം.പി.ഡി.എ ആപ്പ് അജ്മാൻ സർക്കാർ ആരംഭിച്ചത്. ഒമ്പത് വർഷത്തിനിടെ 230,000ത്തിലധികം പേരാണ് ആപ്പ് ഉപയോഗിച്ചത്. സ്മാർട്ട് വാച്ച് ആപ്ലിക്കേഷനുപുറമേ, ഡിജിറ്റൽ ഐഡന്റിറ്റി, ഡിജിറ്റൽ സീൽ, ഡിജിറ്റൽ സിഗ്നേച്ചർ എന്നിവ വാഗ്ദാനം ചെയ്യുന്ന യു.എ.ഇയിലെ ആദ്യ സർക്കാർ വകുപ്പാണ് അജ്മാൻ മുനിസിപ്പാലിറ്റിയെന്ന് അബ്ദുൽ റഹ്മാൻ മുഹമ്മദ് അൽ നുഐമി പറഞ്ഞു.