

കുട്ടികളുടെ ഇ സ്കൂട്ടർ ഉപയോഗം: മുന്നറിയിപ്പുമായി അജ്‌മാൻ പൊലീസ്
ദുബായ്: കുട്ടികൾ പൊതുനിരത്തുകളിലും വാഹനങ്ങൾക്കിടയിലും സൈക്കിളുകളും ഇലക്ട്രിക് സ്കൂട്ടറുകളും ഉപയോഗിക്കുന്നത് ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകുമെന്ന് അജ്മാൻ പൊലീസ് മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകി.
ഇതിനായി പ്രത്യേക ബോധവൽക്കരണ വീഡിയോയും പൊലീസ് പുറത്തുവിട്ടു. പാർക്കുകളിലോ വീടിനുള്ളിലോ മാത്രം ഉപയോഗിക്കേണ്ട കൊച്ചു സൈക്കിളുകൾ പോലും കുട്ടികൾ നിരത്തുകളിൽ ഓടിക്കുന്നത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്.
താമസമഖലകളിലെ റോഡുകളിൽ പോലും ഇത്തരം പ്രവണതകൾ അപകടം ക്ഷണിച്ചുവരുത്തുന്നുവെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. 'ബി കെയർഫുൾ' ക്യാംപെയിന്‍റെ ഭാഗമായാണ് പൊലീസ് മാതാപിതാക്കളെ ഈ അപകടസാധ്യത ഓർമിപ്പിച്ചത്.