ദുബായ്: അക്കാഫ് അസോസിയേഷന്‍റെ ഓണാഘോഷമായ പൊന്നോണക്കാഴ്ചയുടെ ആരംഭം കുറിച്ചു. മലയാളി മങ്ക , പുരുഷ കേസരി, നാടൻപാട്ട് വിഭാഗങ്ങളിലെ പ്രാരംഭഘട്ട മത്സരങ്ങൾ നടത്തി. ദുബായ് ഖിസൈസിലെ ഇന്ത്യൻ അക്കാദമി സ്കൂളിൽ നടന്ന പുരുഷ കേസരി - മലയാളി മങ്ക മത്സരത്തിന്‍റെ പ്രാഥമിക ഘട്ടത്തിൽ വിവിധ കോളെജുകളിൽ നിന്നായി നൂറിലേറെ പേർ പങ്കെടുത്തു.
പ്രാഥമിക റൗണ്ടിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പത്ത് പേർ വീതമാണ് സെപ്തംബർ 15നു തിരുവോണദിനത്തിൽ വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കുന്ന പൊന്നോണക്കാഴ്ചയുടെ വേദിയിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ മാറ്റുരയ്ക്കുക.
പതിമൂന്ന് കോളെജുകൾ പങ്കെടുത്ത നാടൻ പാട്ട് മത്സരത്തിൽ ചിന്മയമിഷൻ കോളെജ് തൃശൂർ, ഒന്നാം സ്ഥാനവും , ദേവസ്വം കോളജ് ശാസ്താംകോട്ട, രണ്ടാം സ്ഥാനവും ക്രൈസ്റ്റ് കോളെജ് ഇരിങ്ങാലക്കുട മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ ടീമുകൾ തിരുവോണദിനത്തിൽ വേൾഡ്ട്രേഡ് സെന്‍ററിൽ നടക്കുന്ന പൊന്നോണക്കാഴ്ച വേദിയിൽ നാടൻപാട്ട് അവതരിപ്പിക്കും.
അക്കാഫ് അസോസിയേഷൻ പ്രസിഡന്‍റ് പോൾ ടി ജോസഫ് ആദ്യഘട്ട മത്സരങ്ങൾ ഉദ്‌ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ദീപു എ.എസ്. , പൊന്നോണക്കാഴ്ച ജനറൽ കൺവീനർ ശങ്കർ നാരായൺ , ഡയറക്ട് ബോർഡ് അംഗങ്ങളായ ഷൈൻ ചന്ദ്രസേനൻ , മച്ചിങ്ങൽ രാധാകൃഷ്ണൻ,, ജോയിന്‍റ് ജനറൽ കൺവീനർമാർ എ.വി. ചന്ദ്രൻ, ഡോ ജയശ്രീ , സഞ്ജുകൃഷ്ണൻ , ഫെബിൻ ജോൺ , മൻസൂർ സി.പി. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
മാതൃവന്ദനം അമ്മമാർ ബുധനാഴ്ച മുതൽ യുഎയിലേക്ക്
അക്കാഫ് അസോസിയേഷന്‍റെ മാതൃ വന്ദനത്തിന്‍റെ ഭാഗമാവുന്നതിന് കേരളത്തിൽ നിന്നുള്ള അമ്മമാർ ബുധനാഴ്ച മുതൽ യുഎഇയിലെത്തിത്തുടങ്ങും. മാതൃവന്ദനം തന്നെയാണ് ഇത്തവണയും അക്കാഫ് അസോസിയേഷന്‍റെ ഓണാഘോഷത്തിന് മാറ്റുകൂട്ടുന്നത്. കേരളത്തിൽ നിന്നും 26 അമ്മമാരെ ദുബായിൽ എത്തിച്ചുകൊണ്ടാണ് അമ്മയോണം ആഘോഷിക്കുന്നത്.
ദുബായിൽ ജോലിചെയ്യുന്ന സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്നവരിൽ നിന്നും തെരഞ്ഞെടുത്ത ഇരുപത്തിയാറു പേരുടെ അമ്മമാരെയാണ് അക്കാഫ് സ്വന്തം ചെലവിൽ യുഎഇയിൽ എത്തിച്ച് ആദരിക്കുന്നത്. ഇവർക്ക് യുഎയിലെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കുവാനുള്ള അവസരവും ഒരുക്കുന്നുണ്ട്.
അക്കാഫിലെ വിവിധ അലുംനെ കൂട്ടായ്മകളാണ് മാതൃവന്ദനത്തിനെത്തുന്ന അമ്മമാരുടെ ചെലവുകൾ വഹിക്കുന്നത്. ഇത് തുടർച്ചയായി രണ്ടാം വർഷമാണ് അക്കാഫ് അസോസിയേഷൻ മാതൃവന്ദനം നടത്തുന്നത്. വർഷങ്ങളായി ഈ പ്രവാസഭൂമിയിൽ വിയർപ്പൊഴുക്കുന്ന പാവപ്പെട്ട തൊഴിലാളികളുടെ ഒരിക്കലും നടക്കില്ലെന്ന് കരുതുന്ന സ്വപ്നമാണ് അക്കാഫ് അസോസിയേഷൻ സാക്ഷാൽക്കരിക്കുന്നത്.