അക്കാഫ് അസോസിയേഷൻ പൊന്നോണക്കാഴ്ച: പ്രാഥമിക മത്സരങ്ങൾ ഞായറാഴ്ച

അക്കാഫ് അസോസിയേഷന്‍റെ പൊന്നോണക്കാഴ്ച '26 പ്രാഥമിക മത്സരങ്ങൾ ഒക്റ്റോബർ 4ന് ദുബായ് ആമിറ്റി സ്കൂളിൽ; ഒക്റ്റോബർ 11ന് ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ മെഗാ ഇവന്‍റ്
Akcaf Ponnonakkazhcha Dubai

അക്കാഫ് പൊന്നോണക്കാഴ്ച 2026

AKCAF

Updated on: 

ദുബായ്: അക്കാഫ് അസോസിയേഷന്‍റെ 28-ാമത് പൊന്നോണക്കാഴ്ച 26ന്‍റെ പ്രാഥമിക മത്സരങ്ങൾ ഒക്റ്റോബർ 4ന് ദുബായ് ഖിസൈസിലെ അമിറ്റി സ്കൂളിൽ നടത്തും. രാവിലെ 8 മണിക്ക് സൂപ്പർ കിഡ്സ് ഫാഷൻ ഷോയോടെയാണ് പരിപാടികൾക്ക് തുടക്കമാകുന്നത്. രാവിലെ 11 മണിക്ക് ഓണം കൺവെൻഷൻ. അക്കാഫ് അസോസിയേഷന്‍റെ വിവിധ മെമ്പർ കോളെജ് അലുംനി പ്രതിനിധികൾ, പൊന്നോണക്കാഴ്ചയുടെ വിവിധ സബ് കമ്മിറ്റി കൺവീനർമാർ, കോ-ഓർഡിനേറ്റർമാർ, ജോയിന്‍റ് കൺവീനർമാർ എന്നിവർ കൺവെൻഷനിൽ പങ്കെടുക്കും.

പൊന്നോണക്കാഴ്ച '26ന്‍റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനും വിവിധ സബ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും കൺവെൻഷൻ വേദിയാകും. കൺവെൻഷന് ശേഷം ഉച്ചയ്ക്ക് മറ്റ് കലാ മത്സരങ്ങളുടെ പ്രാഥമിക ഘട്ടം നടക്കും. നാടൻപാട്ട്, പുരുഷകേസരി, മലയാളി മങ്ക തുടങ്ങിയ മത്സരങ്ങളിലാണ് പ്രാഥമിക മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

മെംബർ കോളെജ് അലുംനി സംഘടനകളിൽനിന്ന് പങ്കെടുക്കുന്ന മത്സരാർഥികളിൽനിന്ന്, മലയാളി മങ്ക, പുരുഷ കേസരി മത്സരങ്ങളിൽ ആദ്യ പത്ത് സ്ഥാനങ്ങളിൽ എത്തുന്നവർക്ക്, ഒക്റ്റോബർ 11ന് ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കുന്ന മെഗാ ഇവന്‍റിൽ വീണ്ടും മാറ്റുരയ്ക്കാനുള്ള അവസരം ലഭിക്കും. നാടൻപാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് മെഗാ ഇവന്‍റിൽ പ്രത്യേക അവതരണത്തിനും അവസരം ലഭിക്കും. കിഡ്സ് ഫാഷൻ ഷോയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന കുട്ടികൾക്ക് പ്രത്യേക റാംപ് വോക്കിലും പങ്കെടുക്കാം.

കേരളത്തിലെ 14 ജില്ലകളിൽനിന്നുള്ള ഏകദേശം 135 കോളെജ് അലുംനി സംഘടനകളുടെ കൂട്ടായ്മയാണ് അക്കാഫ് അസോസിയേഷൻ. അക്കാഫ് അസോസിയേഷൻ പ്രസിഡന്‍റ് പോൾ ടി. ജോസഫ്, ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ, ട്രഷറർ രാജേഷ് പിള്ള, വൈസ് പ്രസിഡന്‍റ് ലക്ഷ്മി അരവിന്ദ്, ഡയറക്റ്റർ ബോർഡ് അംഗങ്ങളായ വിൻസെന്‍റ് വലിയവീട്ടിൽ, ഗിരീഷ് മേനോൻ, ആർ. സുനിൽ കുമാർ, സി.എൽ. മുനീർ എന്നിവരുടെ നേതൃത്വത്തിലാണ് പൊന്നോണക്കാഴ്ച '26ന്‍റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com