
അൽ ദൈദ് ഈന്തപ്പഴ മേളയ്ക്ക് ബുധനാഴ്ച തുടക്കം
ദൈദ്: അൽ ദൈദ് ഈന്തപ്പഴ മേളയുടെ 9-ാമത് എഡിഷന് ബുധനാഴ്ച എക്സ്പോ അൽ ദൈദിൽ തുടക്കമാവും. വ്യാഴാഴ്ചയാണ് ഔദ്യോഗിക ഉദ്ഘാടനം. ജൂലൈ 27 ന് ഈന്തപ്പഴ മേള സമാപിക്കും. ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിക്കുന്ന ഈ വർഷത്തെ എഡിഷനിൽ യുഎഇയിലുടനീളമുള്ള പ്രമുഖ ഈന്തപ്പന കർഷകരുടെയും ഉത്പാദകരുടെയും വിപുലമായ പങ്കാളിത്തം ഉണ്ടാകും.
ഈന്തപ്പന കൃഷി പ്രോത്സാഹിപ്പിക്കുകയും യുഎഇയുടെ സമ്പന്നമായ പൈതൃകം സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.ബുധനാഴ്ച മുതൽ നാടൻ ഈന്തപ്പഴം, മികച്ച നാരങ്ങ, അത്തിപ്പഴങ്ങൾ, 'റത്ബ് അൽ ഖറൈഫ് ബ്യൂട്ടി' എന്നിവയ്ക്കായുള്ള മത്സരങ്ങൾ നടക്കും. വ്യാഴാഴ്ച ഖനൈസി ഈത്തപ്പഴ സൗന്ദര്യ മത്സരവും തുടർന്ന്, ജൂലൈ 25ന് 'അൽ ഖലാസ്' ഈത്തപ്പഴ സൗന്ദര്യ മത്സരവും നടക്കുന്നതാണ്.
ഈ മാസം 26ന് ശനിയാഴ്ച 'ഷിഷി ഈത്തപ്പഴ' മത്സരം നടത്തും. മേളയുടെ സമാപന ദിവസം 'ജനറൽ ദൈദ് എലൈറ്റ് ഈത്തപ്പഴം', 'നോർത്തേൺ എമിറേറ്റ്സ് ദൈദ് എലൈറ്റ് ഈത്തപ്പഴം' എന്നീ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിക്കും.
പങ്കെടുക്കുന്നവരുടെ സ്വന്തം കൃഷിയിടത്തിൽ നിന്നുള്ള 2025 സീസണിൽ പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ഈന്തപ്പഴങ്ങൾ മാത്രമാണ് മത്സരത്തിൽ ഉൾപെടുത്തുക.