

അൽ ഖലീജ് സ്ട്രീറ്റ് തുരങ്ക നിർമാണം പുരോഗമിക്കുന്നു.
ദുബായ്: ദുബായിലെ വൻകിട റോഡ് വികസന പദ്ധതിയായ 'അൽ ഷിന്ദഗ കോറിഡോർ' പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന അൽ ഖലീജ് സ്ട്രീറ്റ് തുരങ്കപാതയുടെ 80 ശതമാനം പൂർത്തിയായതായി ദുബായ് ആർടിഎ അറിയിച്ചു.
ദേരയിലെ ഇൻഫിനിറ്റി പാലത്തിന്‍റെ അറ്റത്തുനിന്ന് തുടങ്ങി അൽ ഖലീജ് സ്ട്രീറ്റ് വരെ നീളുന്നതാണ് ഈ തുരങ്കം. 1,650 മീറ്ററാണ് ഇതിന്‍റെ നീളം. ഇരുവശങ്ങളിലേക്കുമായി മൂന്ന് ലെയ്നുകൾ വീതമുള്ള പാതയിലൂടെ മണിക്കൂറിൽ 12,000 വാഹനങ്ങൾക്ക് കടന്നുപോകാം.
അൽ ഷിന്ദഗ ഇടനാഴി വികസന പദ്ധതി പൂർണമായും പൂർത്തിയാകുന്നതോടെ നിലവിലെ 104 മിനിറ്റ് യാത്രാസമയം വെറും 16 മിനിറ്റായി കുറയും.
ദുബായ് ഐലൻഡ്സ്, വാട്ടർഫ്രണ്ട് മാർക്കറ്റ്, ദുബായ് മാരിടൈം സിറ്റി, റാഷിദ് തുറമുഖം തുടങ്ങിയ പ്രധാന മേഖലകളിൽ താമസിക്കുന്നവർക്കും യാത്ര ചെയ്യുന്നവർക്കും ഇത് വലിയ ആശ്വാസമാകും.
2030-ഓടെ ഈ പദ്ധതി വഴി ഏകദേശം 10 ലക്ഷത്തോളം ആളുകൾക്ക് പ്രയോജനം ലഭിക്കും. യുഎഇ കറൻസി നോട്ടുകളിലെ ഡിസൈനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഇമാറാത്തി കലാകാരിയായ 'മറിയം ഹത്‌ബൂർ' തയാറാക്കിയ മനോഹരമായ ഡിസൈനാണ് ഈ തുരങ്കത്തിനകത്ത് നൽകുന്നത്.