ദുബായ് ഭരണ വംശത്തിന്‍റെ ചരിത്രം അടയാളപ്പെടുത്താൻ 'അൽ മക്തൂം ആർക്കൈവ്‌സ്'
ദുബായ് ഭരണ വംശത്തിന്‍റെ ചരിത്രം അടയാളപ്പെടുത്താൻ 'അൽ മക്തൂം ആർക്കൈവ്‌സ്'
ദുബായ്: ദുബായ് ഭരണ വംശമായ അൽ മക്തൂം കുടുംബത്തിന്‍റെ ചരിത്രവും പൈതൃകവും വരും തലമുറകൾക്ക് പകർന്നുകൊടുക്കുന്നതിനായി 'അൽ മക്തൂം ആർക്കൈവ്‌സ്' സ്ഥാപിച്ചു. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ എക്സിക്യൂട്ടീവ് ഓഫീസിന്‍റെ മേൽനോട്ടത്തിലായിരിക്കും ആർക്കൈവ്‌സ് പ്രവർത്തിക്കുക. ദുബായ് ഭരണാധികാരികളുടെ ജീവചരിത്രം , ശേഖരങ്ങൾ, സാഹിത്യകൃതികൾ എന്നിവയെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ ഈ ആർക്കൈവ്‌സിൽ നിന്ന് ലഭിക്കും.
അൽ മക്തൂം ആർക്കൈവ്‌സ് ഒരു ദേശീയ സ്ഥാപനമാണെന്നും ദുബായുടെ ഭരണചരിത്രത്തെക്കുറിച്ചുള്ള തുറന്ന പുസ്തകമാണിതെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. നമ്മുടെ രാഷ്ട്ര ചരിത്രത്തെക്കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള റഫറൻസാണിത്. ഒരു ഭരണാധികാരിയുടെ ജീവിതം അദ്ദേഹത്തിന്‍റെ ജനതയുടെ ജീവിതത്തിൽ നിന്ന് വേർപെടുത്താനാവാത്തതാണെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
ചടങ്ങിൽ 'റാഷിദ് ദി ലീഡർ' എന്ന ഹ്രസ്വ ഡോക്യുമെന്‍ററിയും ദുബായ് ഭരണാധികാരികളെക്കുറിച്ചുള്ള വീഡിയോയും പ്രദർശിപ്പിച്ചു. അൽ മക്തൂം കുടുംബവൃക്ഷം, 1894 മുതലുള്ള ദുബായ് ഭരണാധികാരികളുടെ ചിത്രങ്ങൾ, പുസ്തക ശേഖരങ്ങൾ എന്നിവയും ചടങ്ങിന്‍റെ ഭാഗമായി പ്രദർശിപ്പിച്ചു.
അൽ മക്തൂം ആർക്കൈവ്‌സ് ഫൗണ്ടേഷന്‍റെ ഡയറക്ടർ ബോർഡ് അംഗങ്ങളെ ഷെയ്ഖ് മുഹമ്മദ് പ്രഖ്യാപിച്ചു.
എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാനായിരിക്കും ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്‍റെ അധ്യക്ഷൻ. ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ സെക്രട്ടറി ജനറൽ, ദുബായ് മുനിസിപാലിറ്റി ഡയറക്‌ടർ ജനറൽ, ദുബായ് കൾചർ ആൻഡ് ആർട്‌സ് അതോറിറ്റി ഡയറക്‌ടർ ജനറൽ എന്നിവരുൾപ്പെടെയുള്ളവരാണ് ബോർഡിലെ മറ്റ് അംഗങ്ങൾ.
ദുബായുടെ യാത്ര വെറുമൊരു സാമ്പത്തിക വിജയഗാഥയോ വികസനത്തിന്‍റെ കഥയോ മാത്രമല്ലെന്നും ജനങ്ങളെ സേവിക്കുന്നതിനായി ജീവിതം മാറ്റിവെച്ച ഭരണാധികാരികളുടെ അനുഭവം കൂടിയാണ് ഇതെന്നും മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ലൈബ്രറി ഫൗണ്ടേഷൻ ചെയർമാൻ മുഹമ്മദ് അഹമ്മദ് അൽ മുർ പറഞ്ഞു.

