
അൽനഹ്ദ ടവർ തീപിടിത്തം: ഷാർജ പൊലീസിന്‍റെ അന്വേഷണം പുരോഗമിക്കുന്നു
ഷാർജ: അഞ്ച് പേർ മരിക്കുകയും 19 പേർക്ക് പരുക്കേൽക്കുകയും ചെയ്ത അൽ നഹ്ദ താമസ കെട്ടിടത്തിലെ തീപിടുത്തത്തിന്‍റെ കാരണം കണ്ടെത്തുന്നതിനുള്ള ഷാർജ പൊലീസിന്‍റെ അന്വേഷണം പുരോഗമിക്കുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ 11. 31നാണ് അൽനഹ്ദയിലെ 52 നിലകളുള്ള ടവറിന്‍റെ മുകൾ നിലകളിലൊന്നിൽ തീപിടിത്തമുണ്ടായത്.
പൊലീസ്, സിവിൽ ഡിഫൻസ്, ദേശീയ ആംബുലൻസ് ടീമുകൾക്കൊപ്പം, എമിറേറ്റ്സ് റെഡ് ക്രസന്‍റ് അതോറിറ്റി ടീമും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. 1,500ലധികം വ്യത്യസ്ത രാജ്യക്കാരാണ് ഈ ബഹുനില കെട്ടിടത്തിൽ താമസിക്കുന്നത്. പരുക്കേറ്റവർ അൽ ഖാസിമി ആശുപത്രിയിൽ ചികിത്സയിലാണ്.
താമസക്കാർക്ക് അവരുടെ അപ്പാർട്മെന്‍റുകളിലേക്ക് മടങ്ങാൻ അനുവാദം നൽകിയിട്ടുണ്ടെങ്കിലും 30ന് മുകളിലുള്ള നിലകളിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചിരിക്കുകയാണ്. തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് ചാടിയാണ് 4 പേർ മരിച്ചത്. ഇവർ ആഫ്രിക്കൻ വംശജരാണ്.
തീപിടുത്തത്തെത്തുടർന്നുണ്ടായ ഹൃദയാഘാതം മൂലമാണ് 40 വയസ്സുള്ള പാകിസ്ഥാൻ സ്വദേശി മരിച്ചത്. ഷാർജ പൊലീസ് ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഓപറേഷൻസ് ആൻഡ് സെക്യൂരിറ്റി സപ്പോർട്ട് ഡയറക്ടർ ജനറൽ കേണൽ ഡോ. അഹമ്മദ് സഈദ് അൽ നൂർ മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുകയും പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർഥിക്കുകയും ചെയ്തു.
പൊലീസ് ക്രിമിനൽ ലബോറട്ടറി ടീം തീപിടിത്ത കാരണം അറിയാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.