

അൽ സത്വ റൗണ്ട് എബൌട്ട് ഇനിമുതൽ സിഗ്നൽ ജങ്ഷനാകും
ദുബായ്: അൽ സത്വ റൗണ്ട് എബൌട്ട് സിഗ്നൽ ജങ്ഷനായി മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തികളും അനുബന്ധ റോഡ്, അടിസ്ഥാന സൗകര്യ വികസനങ്ങളും പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ഇതോടെ യാത്രാസമയം 50 ശതമാനത്തോളം കുറയ്ക്കാനും തിരക്കുള്ള സമയങ്ങളിൽ കാത്തുനിൽക്കുന്ന സമയവും ക്യൂവുകളും 60 ശതമാനം വരെ കുറയ്ക്കാനും സാധിക്കുമെന്നും അധികൃതർ അറിയിച്ചു.
വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം തിരക്ക് ഗണ്യമായി കുറയ്ക്കാനും ഇതിലൂടെ സാധിക്കും. വേൾഡ് ട്രേഡ് സെന്ററിലേക്കും അൽ സത്വയിലേക്കും പോകുന്ന സെക്കൻഡ് ഡിസംബർ സ്ട്രീറ്റിലെയും തിരിച്ചുള്ള ദിശയിലെയും ഗതാഗതം സുഗമമാക്കാനും പ്രധാന ഇടനാഴികളിലൂടെയും ഇട റോഡുകളിലൂടെയുമുള്ള സഞ്ചാരം എളുപ്പമാക്കാനും ഇത് വഴി സാധിക്കുമെന്ന് ആർടിഎ അധികൃതർ അറിയിച്ചു.
അൽ സത്വ ജങ്ഷന്റെ തന്ത്രപ്രധാനമായ സ്ഥാനവും, അൽ സത്വയിലേക്കും ട്രേഡ് സെന്റർ, അൽ ബദാഅ്, അൽ ജാഫിലിയ, അൽ ഹുദൈബ, ജുമൈറ തുടങ്ങിയ അയൽ പ്രദേശങ്ങളിലേക്കുമുള്ള ഗതാഗതം നിയന്ത്രിക്കുന്നതിൽ ഈ പദ്ധതിക്ക് പ്രധാന പങ്കുണ്ട്.
ഷെയ്ഖ് സായിദ് റോഡിലേക്കും ചുറ്റുമുള്ള പ്രധാന ഇടനാഴികളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാനും ഇത് സഹായിക്കുന്നു. വേൾഡ് ട്രേഡ് സെന്റർ റൗണ്ട് എബൌട്ട് ഡെവലപ്മെന്റ് പ്രൊജക്റ്റ് ഉൾപ്പെടെയുള്ള പ്രദേശത്തെ മറ്റ് റോഡ് നവീകരണ പദ്ധതികൾക്കൊപ്പം ചേർന്നുനിൽക്കുന്നതാണ് ഈ പദ്ധതി.
ഇവയെല്ലാം വഴി ദുബായ് വേൾഡ് ട്രേഡ് സെന്റർ, ഷെയ്ഖ് സായിദ് റോഡ് എന്നിവ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാനും, ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും സാധിക്കുന്നുണ്ടെന്ന് ആർടിഎ അറിയിച്ചു.