

വാർഷിക നിക്ഷേപക സംഗമത്തിന് ദുബായിൽ തുടക്കം
ദുബായ്: ആഗോള വാർഷിക നിക്ഷേപക സംഗമത്തിന് ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ തുടക്കമായി. യുഎഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വാർഷിക സംഗമം മൂന്ന് ദിവസം നീണ്ടുനിൽക്കും. രാഷ്ട്രനേതാക്കൾ, ആഗോള വ്യവസായ രംഗത്തെ മുൻനിര നിക്ഷേപകർ, വിദഗ്ധർ, മുതിർന്ന സർക്കാർ പ്രതിനിധികൾ തുടങ്ങിയവർ സംഗമത്തിൽ പങ്കെടുക്കും.
റഷ്യൻ പ്രവിശ്യയായ ടട്ടാർസ്ഥാൻ പ്രസിഡന്‍റ് റുസ് തം മിന്നിക്കോവ് ഉദ്ഘാടന പ്രഭാഷണം നടത്തി. ഉഗാണ്ടൻ പ്രധാനമന്ത്രി റോബിന നബഞ്ഞ, മംഗോളിയ ഉപപ്രധാനമന്ത്രി ടോഗ്മിൻ ദോർജ്ഖണ്ഡ്, റാസൽ ഖൈമ ഭരണാധികാരി ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി, യുഎഇ വിദേശ വ്യാപാര മന്ത്രി താനി ബിൻ അഹമ്മദ് അൽ സെയൂദി, എമ്മാർ പ്രോപ്പർട്ടീസ് സ്ഥാപക ചെയർമാൻ മുഹമ്മദ് അൽ അബ്ബാർ, മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്, വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാർ ഉൾപ്പെടെയുള്ള പ്രമുഖർ സംബന്ധിച്ചു.
1920 മുതൽ ലോകത്തിലെ വിവിധ രാജ്യങ്ങൾ പ്രതിസന്ധികൾ നേരിട്ടു കൊണ്ടിരിക്കുകയാണെന്നും ഇത്തരം പ്രതിസന്ധികളെ അതീജിവിച്ച ചരിത്രമാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നതെന്നും ഗൾഫ് സംഘർഷത്തെ സൂചിപ്പിച്ചു കൊണ്ട് എമ്മാർ പ്രോപ്പർട്ടീസ് സ്ഥാപക ചെയർമാൻ മുഹമ്മദ് അൽ അബ്ബാർ അഭിപ്രായപ്പെട്ടു.
ജൂണിൽ എമ്മാർ പ്രോപ്പർട്ടീസ് ദുബായിൽ 55 ബില്യൺ ഡോളർ നിക്ഷേപത്തിൽ 150,000 ആളുകൾക്ക് താമസിക്കുന്നതിനായുള്ള മെഗാ പാർപ്പിട പദ്ധതി പ്രഖ്യാപിച്ചിരുന്നു.
അതിർത്തികളില്ലാത്ത നിക്ഷേപ സാഹചര്യങ്ങളെപ്പറ്റിയുള്ള പാനൽ ചർച്ചയിൽ കനൂ ഗ്രൂപ്പ് ചെയർമാൻ മിഷാൽ കനൂ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, ഡ്യുഷ് ബാങ്ക് ഗ്ലോബൽ വൈസ് ചെയർമാൻ സൽമാൻ മഹ്ദി എന്നിവർ പങ്കെടുത്തു.
ലുലുവിന്‍റെ തുടക്കകാലം മുതൽ ജിസിസി രാജ്യങ്ങളും ഭരണനേതൃത്വവും നൽകിവരുന്ന പിന്തുണ ലുലുവിന്‍റെ ആഗോള ബ്രാൻഡായുള്ള വളർച്ചയ്ക്ക് നിർണായമൊയിരുന്നുവെന്ന് എം.എ. യൂസഫലി പറഞ്ഞു. നിക്ഷേപ സൗഹൃദ നയങ്ങൾ, മികച്ച അടിസ്ഥാനസൗകര്യങ്ങൾ എന്നിവ ജിസിസി രാജ്യങ്ങളെ അന്താരാഷ്ട്ര നിക്ഷേപക കേന്ദ്രമായി മാറ്റുന്നതിലും, ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവടങ്ങളിൽ നിന്നുള്ള ഇക്കണോമിക് ബ്രിഡ്ജായി മാറ്റുന്നതിലും പ്രധാനമായെന്ന് എം.എ യൂസഫലി വ്യക്തമാക്കി. ഗൾഫിലെ നിലവിലെ സാഹചര്യം ഗൾഫ് ഭരണാധികാരികൾ കൈകാര്യം ചെയ്തതിനെ യൂസഫലി ചർച്ചയിൽ അഭിനന്ദിച്ചു.
മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ മോഹൻ യാദവിന്‍റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം സംഗമത്തിൽ പങ്കെടുക്കുന്നുണ്ട്. കൂടാതെ പഞ്ചാബ്, ബീഹാർ, ഒഡീഷ മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരും സംബന്ധിക്കുന്നുണ്ട്. ഭക്ഷ്യസംസ്‌കരണം, കാർഷിക വ്യവസായ മേഖല, നിർമ്മാണ രംഗം, ഐടി, ടൂറിസം തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള മുൻനിര സ്ഥാപനങ്ങളും സമ്മേളനത്തിൽ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.