
റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന് ശിക്ഷ വിധിച്ച കീഴ്ക്കോടതി വിധി ശരിവച്ച് അപ്പീൽ കോടതിയുടെ ഉത്തരവ്. മേയ് 26 നാണ് 20 വർഷത്തെ തടവിന് വിധിച്ചുള്ള കീഴിക്കോടതി വിധിയുണ്ടായത്.
പിന്നാലെ തന്നെ ശിക്ഷ കാലയളവ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ അപ്പീൽ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ ഈ അപ്പീൽ തള്ളിയ കോടതി കീഴ്ക്കോടതിയുടെ ശിക്ഷ ശരിവയ്ക്കുകയായിരുന്നു.
19 വർഷം പിന്നിട്ട പ്രതിക്ക് മോചനം അനുവദിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിച്ചില്ല. എന്നാൽ ആവശ്യമെങ്കിൽ പ്രതിഭാഗത്തിന് മേൽ കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.
2006 നവംബറിലാണ് സൗദി ബാലൻ അനസ് അൽ ഫായിസിന്‍റെ കൊലപാതകക്കേസിൽ അബ്ദുൽ റഹീം അറസ്റ്റിലാകുന്നത്. 2012ലാണ് വധശിക്ഷ വിധിച്ചത്. മരിച്ച സൗദി ബാലന്‍റെ കുടുംബം ഏഴ് മാസം മുൻപ് ദയാധനം സ്വീകരിച്ച് മാപ്പ് നൽകിയതോടെ അബ്ദുൾ റഹീമിനെ വധശിക്ഷയിൽ നിന്ന് കോടതി ഒഴിവാക്കിയിരുന്നു. 20 വർഷം തടവാണ് ശിക്ഷയായി വിധിച്ചിരിക്കുന്നത്.