യുഎഇക്ക് സംഗീതാദരവുമായി എ.ആർ. റഹ്മാനും ബുർജീൽ ഹോൾഡിങ്സും

'ജമാൽ അൽ ഇത്തിഹാദ്' അവതരണം ശനിയാഴ്ച ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ
a.r. rahman uae abu dhabi

എ.ആർ. റഹ്മാൻ

Updated on

അബുദാബി: യുഎഇ അൻപത്തിനാലാമത് ദേശീയ ദിനാഘോഷങ്ങൾക്കായി തയാറെടുക്കുമ്പോൾ രാജ്യത്തിന് സംഗീതാദരവുമായി പ്രശസ്ത സംഗീത സംവിധായകൻ എ.ആർ. റഹ്മാനും മലയാളി ആരോഗ്യ സംരംഭകനായ ഡോ. ഷംഷീർ വയലിൽ സ്ഥാപകനും ചെയർമാനുമായ ബുർജീൽ ഹോൾഡിങ്സും.

റഹ്മാൻ സംഗീത സംവിധാനം ചെയ്ത്, ബുർജീൽ രൂപം നൽകിയ ഗാനം 'ജമാൽ അൽ ഇത്തിഹാദ്' രാജ്യത്തെ ഏറ്റവും വലിയ കലാ, സാംസകാരിക, വിനോദ, വിജ്ഞാന മേളകളിലൊന്നായ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ നവംബർ 29ന് അവതരിപ്പിക്കും. രണ്ട് തവണ അക്കാഡമി അവാർഡും, ഗ്രാമി അവാർഡും നേടിയ റഹ്മാൻ തന്‍റെ സംഘത്തോടൊപ്പം രാത്രി 9:30-ന് ഗാനം അവതരിപ്പിക്കും.

ഐക്യം, സഹവർത്തിത്വം, പ്രത്യാശ, മനുഷ്യത്വം തുടങ്ങി രാജ്യത്തിന്‍റെ മൂല്യങ്ങളെ ഉയർത്തിക്കാട്ടുന്ന കലാസൃഷ്ടിയാണ് യുഎഇയിൽ ഒരുങ്ങിയ 'ജമാൽ' ഗാനം. ലോകമെമ്പാടുമുള്ള സംഗീത പ്രേമികൾക്ക് ആസ്വദിക്കാവുന്ന രീതിയിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന ഗാനത്തിന്‍റെ അവതരണം

ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന്‍റെ പ്രധാന പരിപാടികളിലൊന്നായി മാറും. മ്യൂസിക് ബാൻഡ് പെർഫോമൻസിനും നൃത്താവതരണങ്ങൾക്കുമൊപ്പം രാത്രി പത്ത് മണിക്ക് പ്രത്യേക വെടിക്കെട്ടും നടക്കും. ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ 'ജമാൽ' അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് ഡോ. ഷംഷീർ വയലിൽ പറഞ്ഞു.

യുഎഇയുടെ മൂല്യങ്ങളും ഐക്യബോധവുമാണ് ജമാൽ അൽ ഇത്തിഹാദിന്‍റെ ഉള്ളടക്കം. രാഷ്ട്രം ദേശീയ ദിനാഘോഷങ്ങൾക്കായി തയാറെടുക്കുന്ന വേളയിൽ, പൊതുജനങ്ങളുമായി ഈ ഗാനം പങ്കിടുന്നതിനുള്ള ഏറ്റവും നല്ല വേദിയാണ് ഷെയ്ഖ് സായിദ് ഫെസ്റ്റിവലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

തത്സമയ അവതരണത്തിന് പിന്നാലെ ജമാലിന്‍റെ ഡിജിറ്റൽ റിലീസ് എ.ആർ. റഹ്മാന്‍റെ പ്ലാറ്റ് ഫോമുകളിലൂടെ നടക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com