
ദുബായ്: ദുബായിലെ ആരോഗ്യമേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന പ്രൊഫഷണലുകൾക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് ദുബായ് ഹെൽത്ത് അതോറിറ്റി പുതിയ ഓൺലൈൻ പ്ലാറ്റ് ഫോം പ്രഖ്യാപിച്ചു. ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കുന്ന അറബ് ഹെൽത്തിന്‍റെ ആദ്യ ദിനത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.
‘ഓപ്പർച്യുണിറ്റീസ് പ്ലാറ്റ്‌ഫോം’ എന്ന പേരിലാണ് പുതിയ സംവിധാനം. ഒരു സർക്കാർ സ്ഥാപനം ഒരു പ്രത്യേക മേഖലയ്ക്കുള്ളിലെ തൊഴിൽ ഒഴിവുകൾ പരസ്യപ്പെടുത്തുന്ന ആദ്യ സംരംഭമാണിത്.
ആരോഗ്യ മേഖലയിലെ പ്രൊഫഷണലുകൾക്കുള്ള 'ഷെറിയാൻ' ഓൺലൈൻ ലൈസൻസിംഗ് സിസ്റ്റത്തിന് കീഴിലാണ് ഓപ്പർച്യുണിറ്റീസ് പ്ലാറ്റ്‌ഫോം വരുന്നതെന്ന് ഡിഎച്ച്എ അധികൃതർ വ്യക്തമാക്കി. ഡിഎച്ച്എയ്ക്ക് കീഴിലുള്ള സർക്കാർ, സ്വകാര്യ ഹെൽത്ത് കെയർ സ്ഥാപനങ്ങളിലെ ആരോഗ്യപരിപാലന പ്രൊഫഷണലുകൾക്കുള്ള എല്ലാ ഒഴിവുകളും ഇതിൽ അവതരിപ്പിക്കും, അതുവഴി തൊഴിലുടമകൾക്കും ജീവനക്കാർക്കും അനുയോജ്യമായ ജോലിയും തൊഴിൽ ഇടവും തിരഞ്ഞെടുക്കാൻ അവസരം ലഭിക്കുകയും വ്യാജ റിക്രൂട്ട്‌മെൻ്റ് അഴിമതികൾ തടയുകയും ചെയ്യും.
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഇത് ഗുണകരമാണെന്ന് ഡിഎച്ച്എയിലെ ഹെൽത്ത് ലൈസൻസിംഗ് ഡയറക്ടർ ഡോ ഹിഷാം അൽ ഹമ്മദി ചൂണ്ടിക്കാട്ടി. സ്വകാര്യ ആരോഗ്യ സംരക്ഷണ മേഖലയിലെ സ്വദേശിവൽക്കരണം ശക്തിപ്പെടുത്തുക എന്നതും ഇതിന്‍റെ ലക്ഷ്യമാണെന്ന് ഡോ ഹിഷാം അൽ ഹമ്മദി പറഞ്ഞു.
തൊഴിൽ വിപണിയുടെ ആവശ്യങ്ങൾ തിരിച്ചറിയാനും ആവശ്യകതകൾ പരിഹരിക്കുന്നതിന് ഭാവി തന്ത്രങ്ങൾ വികസിപ്പിക്കാനും ഇത് വഴി സാധിക്കുമെന്നാണ് വിലയിരുത്തൽ.
ദുബായുടെ ആരോഗ്യ സംരക്ഷണ വ്യവസ്ഥയിലേക്ക് അന്താരാഷ്ട്ര വിദഗ്ധരെയും പ്രൊഫഷണലുകളെയും ആകർഷിക്കുന്നതിനുള്ള ശ്രമങ്ങളെ ഇത് സുഗമമാക്കും.