

ദുബായ്: ദുബായിൽ ആറ് വയസ് വരെ എല്ലാ കുട്ടികൾക്കും അറബിക് ഭാഷാ പഠനം നിർബന്ധമാക്കിക്കൊണ്ടുള്ള പുതിയ നയം കെഎച്ച്ഡിഎ പ്രഖ്യാപിച്ചു. ദുബായിലെ മുഴുവൻ സ്വകാര്യ സ്കൂളുകളിലും ബാല്യ കേന്ദ്രങ്ങളിലും ആറ് വയസ് വരെ കുട്ടികൾക്ക് അറബിക് ഭാഷാ വിദ്യാഭ്യാസം നിർബന്ധമാക്കുന്നതാണ് പുതിയ നയം.
വിദ്യാലയങ്ങളിലും സമൂഹത്തിലും അറബിക് ഭാഷയുടെ ഉപയോഗം ശക്തിപ്പെടുത്തുക, ഇമാറാത്തി സംസ്കാരം, ഭാഷ, പൈതൃകം എന്നിവയിൽ അഭിമാനബോധം വളർത്താൻ സഹായിക്കുക എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
സെപ്റ്റംബറിൽ അധ്യയന വർഷം ആരംഭിക്കുന്ന സ്കൂളുകളിൽ ഈ വർഷം സെപ്റ്റംബർ മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. ഏപ്രിലിൽ അധ്യയന വർഷം ആരംഭിക്കുന്ന സ്കൂളുകൾക്ക് 2026 ഏപ്രിൽ മുതലാണ് മാറ്റങ്ങൾ പ്രാബല്യത്തിൽ വരിക.
2025 സെപ്റ്റംബർ മുതൽ ഘട്ടം ഘട്ടമായി നയം നടപ്പിലാക്കും. ആദ്യ ഘട്ടത്തിൽ നാല് മുതൽ ആറ് വയസ് വരെയുള്ള കുട്ടികൾക്ക് അറബിക് ഭാഷാ വിദ്യാഭ്യാസം ഉൾപ്പെടുത്തും. വരും വർഷങ്ങളിൽ കൂടുതൽ ഘട്ടങ്ങൾ നടപ്പിലാക്കുകയും ജനനം മുതൽ ആറ് വയസ് വരെയുള്ള എല്ലാ കുട്ടികളെയും ഉൾപ്പെടുത്തുകയും ചെയ്യും. കുട്ടികളുടെ പഠന സമയത്തിന്റെ മൂന്നിലൊന്ന് ഭാഗമെങ്കിലും ഒരു അറബിക് അധ്യാപകന്റെ സാന്നിധ്യം ഉണ്ടായിരിക്കണം. സ്കൂളുകളും ബാല്യ കേന്ദ്രങ്ങളും അറബിക് അധ്യാപകർക്ക് ശരിയായ യോഗ്യതകൾ ഉണ്ടെന്ന് ഉറപ്പാക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
ദുബായുടെ 'വിദ്യാഭ്യാസം 33' തന്ത്രത്തിന് കീഴിലുള്ള 28 പരിവർത്തനാത്മക പദ്ധതികളിലൊന്നായ 'ലുഗത് അൽ ദാദി'ന്റെ ഭാഗമാണ് പ്രാരംഭ ബാല്യകാല വിദ്യാഭ്യാസത്തിൽ അറബിക് ഭാഷാ പഠനം
ഉൾപ്പെടുത്തിയിരിക്കുന്നത്. 'യു.എ.ഇയുടെ സാംസ്കാരിക സ്വത്വത്തിന്റെ കാതലാണ് അറബി ഭാഷ. വിദ്യാഭ്യാസത്തിന്റെ ആദ്യ ഘട്ടങ്ങളിൽ തന്നെ എല്ലാ കുട്ടികളിലും ഭാഷയോടുള്ള സ്നേഹം വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്.' കെഎച്ച്ഡിഎയിലെ എജുക്കേഷൻ ക്വാളിറ്റി അഷ്വറൻസ് ഏജൻസി സിഇഒ ഫാത്മ ബിൽ റഹീഫ് പറഞ്ഞു.