
അബുദാബി സിർ ബനിയാസ് ദ്വീപിൽ പുരാതന കുരിശ് കണ്ടെത്തി പുരാവസ്തു ഗവേഷകർ
അബുദാബി: അബൂദബി സിർ ബനിയാസ് ദ്വീപിലെ ക്രിസ്ത്യൻ ആശ്രമം നിലനിന്നിരുന്ന സ്ഥലത്ത് പുരാവസ്തു ഗവേഷകർ നടത്തിയ ഖനനത്തിൽ പുരാതന കുരിശ് കണ്ടെത്തി. ആശ്രമത്തിൽ നിന്ന് വെൺകളിമണ്ണ് കൊണ്ടുള്ള ഫലകത്തിൽ വാർത്തെടുത്ത ഒരു കുരിശ് കണ്ടെത്തിയതായി സാംസ്കാരിക, ടൂറിസം വകുപ്പ് (ഡിസിടി അബുദാബി ) അറിയിച്ചു. 30 വർഷത്തിലേറെയായി ദ്വീപിൽ തുടരുന്ന ഖനനത്തിനിടെയാണ് ഈ കണ്ടെത്തൽ. 2025 ജനുവരിയിൽ ഡിസിടി അബുദാബി സിർ ബനിയാസ് ദ്വീപിൽ പുതിയൊരു ഖനന ക്യാംപയിൻ ആരംഭിച്ചിരുന്നു.
ഇതാണ് കുരിശ് കണ്ടെത്തുന്നതിലേക്ക് നയിച്ചത്. ക്രിസ്ത്യൻ പുരോഹിതർ ആത്മീയ ധ്യാനത്തിനായി ഇതുപയോഗിച്ചിരുന്നുവെന്നാണ് കരുതുന്നത്. കുരിശിന് ഇറാഖിൽ നിന്നും കുവൈത്തിൽ നിന്നും കണ്ടെത്തിയവയുമായി സാമ്യമുണ്ട്. സിർ ബനിയാസ് ദ്വീപിലെ ഈ പുരാതന ക്രിസ്ത്യൻ കുരിശ് കണ്ടെത്തിയത് യുഎഇയുടെ ആഴമേറിയ സഹവർത്തിത്വത്തിന്‍റെയും തുറന്ന സാംസ്കാരിക മനസ്സിന്‍റെയും ശക്തമായ തെളിവാണെന്ന് ഡിസിടി അബുദാബി ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് പറഞ്ഞു.
യുഎഇയുടെ നേതൃത്വത്തിൽ 1992ൽ അബുദാബി ഐലൻഡ്സ് ആർകിയോളജിക്കൽ സർവേയാണ് സിർ ബനിയാസ് ദ്വീപിൽ ഏഴു മുതൽ എട്ടാം നൂറ്റാണ്ട് വരെ നിലനിന്ന ക്രിസ്ത്യൻ ആശ്രമത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. തുടർന്ന് നടത്തിയ നടത്തിയ ഖനനങ്ങളിൽ ദേവാലയത്തിന്‍റെ അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. ആദ്യകാല ക്രിസ്ത്യൻ പുരോഹിതർ ഇവിടെ ധ്യാനത്തിൽ കഴിഞ്ഞു കൂടിയിരുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്.
മേഖലയിലെ ക്രിസ്തുമത സാന്നിധ്യം
ഏകദേശം ഇതേ കാലയളവിൽ ഉമ്മുൽ ഖുവൈൻ, കുവൈത്ത്, ഇറാൻ, സൗദി അറേബ്യ എന്നിവിടങ്ങളിളും സമാനമായ സ്ഥലങ്ങൾ കണ്ടെത്തിയിരുന്നു. എഡി നാലാം നൂറ്റാണ്ടിനും ആറാം നൂറ്റാണ്ടിനുമിടയിൽ അറേബ്യൻ ഉപ ദ്വീപിൽ ക്രിസ്തുമതം വ്യാപിക്കുകയും ക്ഷയിക്കുകയും ചെയ്തു. എട്ടാം നൂറ്റാണ്ടിൽ സിർ ബനിയാസ് ആശ്രമം ഉപേക്ഷിക്കുന്നത് വരെ ക്രിസ്ത്യാനികളും മുസ്‌ലിമുകളും സഹവർത്തിത്വത്തോടെ ഇവിടെ ജീവിച്ചു.
2019ൽ ഡിസിടി അബുദാബി നടത്തിയ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ദേവാലയവും ആശ്രമവും ഇപ്പോൾ സംരക്ഷിത പ്രദേശമാണ്. സിർ ബനിയാസ് ദ്വീപ് ഇപ്പോൾ അബുദാബിയിലെ പ്രധാന വിനോദ സഞ്ചാര ഇടം കൂടിയാണ്.