
ദുബായ്: ആഗോള വാഹന നിർമാതാക്കളായ അശോക് ലെയ്‌ലാൻഡിന്‍റെ അനുബന്ധ സ്ഥാപനവും ഹിന്ദുജ ഗ്രൂപ്പിന്‍റെ ഭാഗവും മുൻനിര ഇലക്ട്രിക്, വാണിജ്യ വാഹന നിർമാതാക്കളുമായ 'സ്വിച്ച് മൊബിലിറ്റി' യുടെ ഇലക്ട്രിക് ബസുകൾ യുഎഇയിലെയും സൗദി അറേബ്യയിലെയും നിരത്തുകളിലെത്തുന്നു. സ്വിച്ച് മൊബിലിറ്റി' യുടെ സ്വിച്ച് ഇഐവി12,സ്വിച്ച് ഇ1 എന്നീ മോഡലുകളിലുള്ള ഇലക്ട്രിക് ബസുകളാണ് യു എ ഇ, സൗദി അറേബ്യൻ വിപണികളിൽ എത്തുന്നത്. അടുത്ത വർഷം മാർച്ചിൽ ഇതിന്‍റെ പരീക്ഷണ ഓട്ടം തുടങ്ങും. വർഷാവസാനത്തോടെ വാണിജ്യാടിസ്ഥാനത്തിൽ നിർമാണം തുടങ്ങാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്വിച്ച് മൊബിലിറ്റി ചെയർമാൻ ധീരജ് ഹിന്ദുജ പറഞ്ഞു.
ഈ ബസുകൾക്ക് ജിസിസിയിൽ നിന്നും, വിശേഷിച്ച് യു.എ.ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ നിന്നും നിരവധി അന്വേഷണങ്ങളുണ്ടെന്ന് പുതിയ മോഡലുകൾ പുറത്തിറക്കുന്ന ചടങ്ങിൽ ധീരജ് ഹിന്ദുജ പറഞ്ഞു. ഇപ്പോൾ സ്വിച്ച് ഇഐവി12 ഇന്ത്യയിലും, സ്വിച്ച് ഇ1 യുകെയിലുമാണ് നിർമിക്കുന്നത്. മതിയായ സജ്ജീകരണങ്ങൾ പൂർത്തിയായ ശേഷം അശോക് ലെയ്‌ലാൻഡിന്‍റെ റാസൽഖൈമ പ്ലാൻറിൽ ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കാനാണുദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യൂറോപ്യൻ വിപണിക്കായി നിർമിക്കുന്ന ഇ1 ജി.സി.സി രാജ്യങ്ങൾ തിരഞ്ഞെടുക്കുന്നതിൽ സന്തോഷമുണ്ട്. ജി.സി.സിയിലെ സ്വകാര്യ മേഖലക്ക് ഇഐവി 12 ഇൽ താൽപര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഷാസി മൗണ്ടഡ് ബാറ്ററികളോടെയുള്ള സ്വിച്ച് ഇഐവി 12 ഇന്ത്യയിലെ പ്രഥമ ലോ ഫ്ലോർ ഇലക്ട്രിക് സിറ്റി ബസാണ്. 400+കെ.ഡബ്ല്യു.എച്ച് ബാറ്ററി ശേഷിയുള്ള ഈബസ് നേരത്തെ ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ അശോക് പി ഹിന്ദുജയുടെ സാന്നിധ്യത്തിൽ ഇന്ത്യയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗസ്കരി പുറത്തിറക്കിയിരുന്നു. ഇന്ത്യക്കും യൂറോപ്പിനുമായി രണ്ട് വ്യത്യസ്ത മോഡലുകൾ പുറത്തിറക്കാനായതിൽ അതിയായ സന്തോഷമുണ്ടെന്ന് സ്വിച്ച് മൊബിലിറ്റി സി.ഇ. ഒ മഹേഷ് ബാബു പറഞ്ഞു. ഏറ്റവും നൂതനമായ സാങ്കേതിക, സൗകര്യങ്ങളോടെയാണ് ഇവ നിർമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 1,800 ലധികം ഓർഡറുകൾ ഇതിനകം ലഭിച്ചെന്നും സ്വിച്ച് മൊബിലിറ്റിയുടെ വിശ്വാസ്യതയും വിപണി ആത്മവിശ്വാസവുമാണ് ഇതിന് കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.