
അടിയന്തര ആവശ്യങ്ങൾക്കുള്ള ലെയ്‌നിലൂടെ വേഗപ്പാച്ചിൽ: ഏഷ്യൻ യുവാവ് അറസ്റ്റിൽ
ദുബായ്: റോഡിലെ അടിയന്തര ആവശ്യങ്ങൾക്കുള്ള ലെയ്‌നിലൂടെ അമിത വേഗത്തിൽ വാഹനം ഓടിച്ച ഏഷ്യൻ യുവാവിനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വാഹനം പിടിച്ചെടുക്കുകയും 50,000 ദിർഹം പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. ഗതാഗത കുരുക്ക് നിയമവിരുദ്ധമായി മറികടക്കാനാണ് യുവാവ് ഹാർഡ് ഷോൾഡർ ഉപയോഗിച്ചത്. അമിത വേഗതയിൽ വാഹനമോടിക്കുന്നയാളുടെ വീഡിയോ ദൃശ്യം പ്രചരിച്ചതിനെത്തുടർന്നാണ് ട്രാഫിക് പട്രോളിങ് വിഭാഗം അന്വേഷണം നടത്തിയത്.
ഡ്രൈവറെ കൂടുതൽ നിയമ നടപടികൾക്കായി അധികൃതർക്ക് കൈമാറിയെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്രൂയി പറഞ്ഞു. ഇത്തരം നിയമലംഘകരിൽ കുറഞ്ഞത് 80 ശതമാനമെങ്കിലും ഗുരുതരമായ ഗതാഗത അപകടങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇത് നിരവധി മരണങ്ങൾക്കും ഗുരുതരമായ പരിക്കുകൾക്കും കാരണമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമം പറയുന്നത്
2024ലെ പുതിയ ട്രാഫിക് നിയമപ്രകാരം, അടിയന്തരമല്ലാത്ത സാഹചര്യങ്ങളിൽ വാഹനം ഹാർഡ് ഷോൾഡറിൽ നിർത്തുക, അല്ലെങ്കിൽ ഷോൾഡറിൽ നിന്ന് വാഹനങ്ങളെ ഓവർടേക്ക് ചെയ്യുക എന്നിവയുൾപ്പെടെ കുറ്റകൃത്യങ്ങൾക്ക് 14 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കും. 50,000 ദിർഹം അടച്ചാൽ മാത്രമേ പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടയക്കൂ എന്ന് അധികൃതർ വ്യക്തമാക്കി.
2024-ലെ ദുബായ് നിയമം അനുസരിച്ച് ടെയിൽഗേറ്റിങ്, പെട്ടെന്നുള്ള ലെയ്ൻ മാറ്റം, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് എന്നിവക്ക് 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടും.
14 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കുന്നതിനും കനത്ത പിഴ ചുമത്തുന്നതിനും കാരണമാകുന്ന മറ്റ് നിയമ ലംഘനങ്ങൾ:
ഗതാഗത യോഗ്യമാണോ എന്ന് ഉറപ്പാക്കാതെ റോഡിൽ പ്രവേശിക്കൽ
ജീവനോ സ്വത്തിനോ ഗതാഗത സുരക്ഷയ്‌ക്കോ അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനം പിന്നോട്ട് മാറ്റൽ
ലെയ്‌നിലെ അച്ചടക്കമില്ലായ്മ
അകാരണമായി റോഡിന്‍റെ മധ്യത്തിൽ വാഹനം നിർത്തൽ
അപകടകരമായ ഓവർടേക്കിങ്
വാഹനത്തിൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതിരിക്കൽ
ലൈസൻസ് പ്ലേറ്റ് ഇല്ലാതെ വാഹനം ഓടിക്കൽ
ഗതാഗതത്തെ തടസപ്പെടുത്തുന്ന രീതിയിൽ വാഹനം ഓടിക്കൽ
അനുമതിയില്ലാതെ വാഹനത്തിന്‍റെ നിറത്തിൽ മാറ്റങ്ങൾ വരുത്തൽ
യുഎഇ ഫെഡറൽ നിയമവും പ്രധാനം
ദുബായിൽ മാത്രം നടപ്പാക്കുന്ന ഗതാഗത നിയമങ്ങൾക്ക് പുറമെ 2025-ലെ പുതിയ ഫെഡറൽ ട്രാഫിക് നിയമത്തെക്കുറിച്ചും വാഹനമോടിക്കുന്നവർ അറിഞ്ഞിരിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. വിവിധ ഗതാഗത നിയമ ലംഘനങ്ങൾക്ക് തടവും 200,000 ദിർഹം വരെ കനത്ത പിഴയും ഇതിൽ ഉൾപ്പെടുന്നു.
ജയ്‌വാക്കിങ്, ചുവപ്പ് ലൈറ്റ് മറികടക്കൽ, മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനമോടിക്കൽ, ലൈസൻസ് പ്ലേറ്റ് ദുരുപയോഗം ചെയ്യൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.