
ഫുജൈറയിൽ കടലിൽ മുങ്ങിത്താണവരെ രക്ഷപ്പെടുത്തിയതായി അധികൃതർ: സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്ന് നിർദേശം
ഫുജൈറ: കഴിഞ്ഞ വർഷം ഫുജൈറയിൽ കടലിൽ മുങ്ങിത്താണ 26 പേരെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഒരാൾക്ക് മാത്രമാണ് ജീവൻ നഷ്ടമായത്. ബീച്ചുകളിൽ പോകുന്നവർ സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
വേനൽക്കാലം സജീവമാകുകയും തീരപ്രദേശങ്ങളിലേക്ക് ധാരാളം സഞ്ചാരികൾ എത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അധികൃതർ സുരക്ഷാ നിർദേശങ്ങൾ നൽകിയത്. നിരീക്ഷണമില്ലാത്ത പ്രദേശങ്ങളിൽ നീന്തുന്നത്, ലൈഫ് ജാക്കറ്റുകളുടെ അഭാവം, ബോട്ട് ഉപകരണങ്ങളുടെ തകരാറുകൾ എന്നിവ മൂലമാണ് അപകടങ്ങൾ ഉണ്ടാവുന്നത്.
കടലിന്‍റെ സ്വഭാവം എപ്പോഴും പ്രവചനാതീതമാണെന്നും വെള്ളത്തിൽ ഇറങ്ങുന്നതിന് മുൻപ് മുൻകരുതലുകൾ എടുക്കണമെന്നും അധികൃതർ പറഞ്ഞു.
പ്രധാന സുരക്ഷാ മാർഗ നിർദേശങ്ങൾ ബോട്ടിങ് നടത്തുമ്പോഴും കടൽത്തീരത്ത് നീന്തുമ്പോഴും ലൈഫ് ജാക്കറ്റുകൾ ധരിക്കുക, നിരീക്ഷണമില്ലാത്തതോ നിരോധിതമോ പ്രദേശങ്ങളിൽ നീന്തൽ ഒഴിവാക്കുക, പുറപ്പെടുന്നതിന് മുമ്പ് സമുദ്ര കാലാവസ്ഥാ അപ്‌ഡേറ്റുകൾ പരിശോധിക്കുക, കുട്ടികളെ ഒരിക്കലും മേൽ നോട്ടമില്ലാതെ വെള്ളത്തിനടിയിൽ വിടരുത്, കടലിലെ അപകടങ്ങൾ കുറയ്ക്കുന്നതിനായി എമിറേറ്റിലെ രജിസ്റ്റർ ചെയ്ത മത്സ്യബന്ധന ബോട്ടുകൾക്ക് സൗജന്യ സുരക്ഷാ പരിശോധനകളും പ്രതിരോധ അറ്റകുറ്റപ്പണികളും നടത്തുന്ന ഫുജൈറ മത്സ്യത്തൊഴിലാളി അസോസിയേഷന്‍റെ "സെയിലിങ് സേഫയ്‌ലി " സംരംഭം തുടരുകയാണ്.
ബോട്ടുകളിൽ അമിതഭാരം കയറ്റുക, പതിവ് അറ്റകുറ്റപ്പണികൾ നടത്താതിരിക്കുക, ഇന്ധന സംവിധാനങ്ങളിൽ ശരിയായി വായു സഞ്ചാരം നടത്താതിരിക്കുക തുടങ്ങിയ ഒഴിവാക്കാവുന്ന തെറ്റുകൾ മൂലം നിരവധി അപകടങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് രക്ഷാപ്രവർത്തകർ ചൂണ്ടിക്കാട്ടി.