

ബൽ അലി തുറമുഖത്ത് കൃത്രിമ പവിഴപ്പുറ്റുകൾ
ദുബായ്: സമുദ്ര ജീവികളുടെ ആവാസ വ്യവസ്ഥകൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ദുബായ് ജബൽ അലി തുറമുഖത്തെ കടൽഭിത്തികളിൽ കൃത്രിമ പവിഴപ്പുറ്റുകൾ സ്ഥാപിച്ചു. ഡി.പി വേൾഡാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 1000 പാനലുകളാണ് സ്ഥാപിച്ചത്. സിഡ്നി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറൈൻ സയൻസിന്‍റെ പങ്കാളിത്തത്തിൽ വികസിപ്പിച്ചതാണ് കൃത്രിമ പവിഴപ്പുറ്റുകൾ. 2028 ഓടെ 6,000 പവിഴപ്പുറ്റുകൾ വികസിപ്പിക്കാനാണ് പദ്ധതി.
ഇതിന്‍റെ നിർമാണം കൂടി പൂർത്തിയാകുന്നതോടെ ആവാസ വ്യവസ്ഥയെ പിന്തുണക്കുന്ന മേഖലയിലെ ഏറ്റവും നീളം കൂടിയ കടൽത്തീര ഭിത്തികളുള്ള തുറമുഖമായി ജബൽ അലി മാറും.
യഥാർഥ പവിഴപ്പുറ്റുകളെ പോലെ തോന്നിക്കുന്ന ഇത്തരം കൃത്രിമ പാനലുകളിൽ കടൽ ജീവികൾക്ക് വളരാനും ജീവിക്കാനുമുള്ള ആവാസ വ്യവസ്ഥകൾ ഒരുക്കിയിട്ടുണ്ട്. ഓരോ മോഡുലാർ പാലനുകളും നിർമിച്ചിരിക്കുന്നത് വ്യത്യസ്ത രൂപത്തിലാണ്. തീരസംരക്ഷണത്തിൽ തുറമുഖങ്ങൾക്ക് നിർണായകമായ പങ്കുണ്ടെന്ന് ഡി.പി വേൾഡ് ജി.സി.സി ചീഫ് ഓപറേറ്റിങ് ഓഫിസർ അബ്ദുല്ല ബിൻ ദമിതാൻ പറഞ്ഞു. 2026ൽ ജബൽ അലിയിൽ ജൈവ വൈവിധ്യ നിരീക്ഷണം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു