

'ബൾട്ടി'യുടെ വിജയം കഠിനാധ്വാനത്തിന്‍റെ ഫലം; നടന്‍ ഷെയിന്‍ നിഗം
ദുബായ്: തന്‍റെ ഇത്രയും കാലത്തെ കഠിനാധ്വാനത്തിന് കിട്ടിയ ഫലമാണ്, ബള്‍ട്ടി എന്ന സിനിമയുടെ വിജയമെന്ന് നടന്‍ ഷെയിന്‍ നീഗം പറഞ്ഞു. ജീവിതത്തിൽ അനുഭവിക്കുന്ന കഷ്ടപ്പാടിന്‍റെ കണക്ക് കേള്‍ക്കാന്‍ ആര്‍ക്കും താത്പര്യമില്ലെന്നും ഷെയ്‌ൻ വ്യക്തമാക്കി. ദുബായ് അൽ ഗുറൈർ സെന്‍ററിൽ ബൾട്ടി എന്ന സിനിമയുടെ റീലീസിനോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്നെക്കുറിച്ച് പറയുമ്പോള്‍ വാപ്പച്ചിയെ കൂടി പ്രേക്ഷകര്‍ ഓര്‍ക്കുന്നത് വലിയ സന്തോഷമാണെന്നും നടന്‍ ഷെയിന്‍ കൂട്ടിച്ചേര്‍ത്തു. ബൾട്ടി സിനിമ ഒരു സ്വപ്‌നം ആയിരുന്നുവെന്നും ഷെയിന്‍ എന്ന നടന്‍ ഉള്ളത് കൊണ്ട് മാത്രമാണ് ഇത് യാഥാർഥ്യമായതെന്നും നിർമാതാവ് ബിനു ജോര്‍ജ് അലക്‌സാണ്ടര്‍ പറഞ്ഞു. സിനിമയുടെ വിജയം കൂട്ടായ പ്രവര്‍ത്തനത്തിന്‍റെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.
ഫാര്‍സ് ഫിലിംസാണ് സിനിമയുടെ ഓവര്‍സീസ് വിതരണക്കാര്‍. ഇന്ത്യയ്‌ക്കൊപ്പം ഗള്‍ഫിലും റീലീസായ ബള്‍ട്ടി എന്ന സിനിമയുടെ ദുബായിലെ പ്രമോഷന്‍ പരിപാടികളില്‍ നായിക പ്രീതി അസ്‌റാനി, താരദമ്പതികളായ ഭാഗ്യരാജ് - പൂര്‍ണ്ണിമ ജയറാം എന്നിവരുടെ മകന്‍ ശാന്തനു ഭാഗ്യരാജ്, നടി പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, ക്യമാറമാന്‍ അലക്‌സ് ജെ പുളിക്കല്‍ എന്നിവരും പങ്കെടുത്തു.