
ദുബായ്: അഞ്ചാമത് ജമാലുദ്ദീൻ സ്മാരക ഫുട്ബോൾ ടൂർണമെന്‍റിൽ ഇൻഫിനിറ്റി എഫ്സി ബർദുബായ് ചാമ്പ്യൻമാരായി. ഫൈനലിൽ ദേര റെഡ് ഫൈറ്റേഴ്‌സിനെയാണ് അവർ പരാജയപ്പെടുത്തിയത്. വെറ്ററൻസ് വിഭാഗം ഫൈനലിൽ ദേര റെഡ് ആർമിയെ പരാജയപ്പെടുത്തി സൂപ്പർ സ്റ്റുഡിയോ ജബൽ അലി ചാമ്പ്യന്മാരായി. വനിതാ വിഭാഗത്തിൽ വിമൻസ് വാരിയേഴ്സും കുട്ടികളുടെ വിഭാഗത്തിൽ റെഡ് വാരിയേഴ്സും ജേതാക്കളായി. കുട്ടികളുടെ വിഭാഗത്തിൽ ടൈസർ ബുള്ളറ്റ്സാണ് റണ്ണർ അപ്പ്.
വിജയികൾക്ക് കോന്നി എംഎൽഎ, കെയു. ജനീഷ് കുമാർ ട്രോഫികൾ വിതരണം ചെയ്തു. എൻ.കെ. കുഞ്ഞഹമ്മദ്, അബ്ദുൽ അഷ്‌റഫ്, ലത, രാജേഷ്, കബീർ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ കേരളോത്സവത്തിന്‍റെ പോസ്റ്റർ പ്രകാശനം മന്ത്രി എം.ബി. രാജേഷും ബ്രോഷർ പ്രകാശനം കെ.യു. ജനീഷ്‌കുമാർ എംഎൽഎയും നിർവഹിച്ചു.
സ്പോർട്സ് ബേ അക്കാദമിയിൽ നടത്തിയ ടൂർണമെന്‍റ് കേരള തദ്ദേശ സ്വയം ഭരണ- എക്‌സൈസ് - പാർലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്‌ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ റിയാസ് സി.കെ. അധ്യക്ഷത വഹിച്ചു. ലോകകേരളസഭാംഗവും പ്രവാസിക്ഷേമനിധി ബോർഡ് ഡയറക്ടറും ആയ എൻ.കെ. കുഞ്ഞഹമ്മദ് മുഖ്യാതിഥി ആയി. റിയാസ് സി.കെ. പ്രദീപ് തോപ്പിൽ, ജിജിത അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.