ടയർ തൊട്ടാൽ റോഡിൽ നിന്ന് ഉയരുന്നത് ബിഥോവന്‍റെ മെലഡി: സംഗീതം പൊഴിക്കുന്ന നിരത്തുമായി ഫുജൈറ | video
ഫുജൈറ: ടാറിട്ട കറുത്ത നിറമുള്ള നിരത്തിലെ തന്ത്രികൾക്ക് സമാനമായ 'വെള്ളി' വരകളിൽ ടയറിന്‍റെ സ്പർശമേൽക്കുമ്പോൾ ബീഥോവ സംഗീതത്തിന്‍റെ വീചികൾ അന്തരീക്ഷത്തിൽ ഉയരുന്നത് ഒന്ന് സങ്കൽപ്പിച്ച് നോക്കൂ. ഒരു പക്ഷെ വിരസമായ യാത്രയിൽ മനസിന് കുളിർമ നൽകുന്ന ഒരപൂർവ സംഗീതാനുഭവമായി അത് മാറിയെന്ന് വരാം.
യുഎഇയിലെന്നല്ല അറബ് ലോകത്ത് തന്നെ ആദ്യമായി 'സംഗീതം പൊഴിക്കുന്ന നിരത്ത്' എന്ന ആശയം യാഥാർഥ്യമാക്കിയിരിക്കുകയാണ് ഫുജൈറയിലെ ഫൈൻ ആർട്സ് അക്കാദമി.
ഫുജൈറ കോർട്ടിന് മുമ്പായി ഫുജൈറ നഗരത്തിലേക്കുള്ള പ്രവേശന കവാടത്തിൽ ഷെയ്ഖ് ഖലീഫ സ്ട്രീറ്റിൽ 750 മീറ്റർ ദൂരത്തിൽലാണ് "മ്യൂസിക്കൽ സ്ട്രീറ്റ്" നിർമിച്ചിരിക്കുന്നത്.
ഈ ഭാഗത്ത് കാറുകൾ പ്രവേശിക്കുമ്പോൾ വിഖ്യാത സംഗീതജ്ഞൻ ബീഥോവന്‍റെ ഒമ്പതാം സിംഫണിയിൽ നിന്നുള്ള മെലഡികൾ കാർ വീലുകൾ പ്ലേ ചെയ്യും.“വാഹനമോടിക്കുമ്പോഴും അസാധാരണമായ നിമിഷങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള ഒരു സാർവത്രിക ഭാഷയാണ് സംഗീതം എന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” ഫുജൈറ ഫൈൻ ആർട്സ് അക്കാദമിയുടെ ഡയറക്ടർ ജനറൽ അലി ഒബൈദ് അൽ ഹഫിതി പറഞ്ഞു.
പൊതു ഇടങ്ങളിൽ കലകളെ പ്രോത്സാഹിപ്പിക്കുന്നതിനും സംഗീതത്തെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുന്നതിനുമുള്ള സംരംഭങ്ങളുടെ ഭാഗമായാണ് 'സംഗീത നിരത്ത്' എന്ന ആശയം പിറവിയെടുത്തത്. താമസക്കാരും സന്ദർശകരും യാത്രക്കാരും പദ്ധതിയിൽ ആവേശഭരിതരാണെന്ന് അൽ ഹഫിതി പറഞ്ഞു.