

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്‌മിത് മച്ചാറിനെ ആദരിച്ചപ്പോൾ
അബുദാബി: ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈ ദുബായ് വിമാനത്തിലെ സുരക്ഷാ പ്രതിസന്ധി ഘട്ടത്തിൽ യാത്രക്കാരുടെ ജീവൻ സംരക്ഷിക്കാൻ ധീരമായ ഇടപെടൽ നടത്തിയ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാർ അടക്കമുള്ള ജീവനക്കാരെ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആദരിച്ചു. ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കായി ജീവനക്കാർ പ്രകടിപ്പിച്ച അസാധാരണമായ ധൈര്യത്തെയും ഉത്തരവാദിത്തബോധത്തെയും നേതാക്കൾ അഭിനന്ദിച്ചു. തങ്ങൾക്ക് ബഹുമതി ലഭിച്ചതിൽ ജീവനക്കാർ യുഎഇ പ്രസിഡന്‍റിനോട് നന്ദി അറിയിച്ചു. സേവനമനോഭാവം, സമർപണം, പ്രതിബദ്ധത എന്നീ മൂല്യങ്ങൾക്കുള്ള അംഗീകാരമാണ് ഈ ബഹുമതിയെന്ന് അവർ വ്യക്തമാക്കി.
ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്‍റും ദുബായ് എയർപോർട്ട്സ് ചെയർമാനും എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ്പ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം ഉൾപ്പെടെയുള്ള പ്രമുഖരും നിരവധി ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
സെപ്റ്റംബർ 30ന് ദുബായിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് സംഭവം. വിമാനത്തിലെ പൈലറ്റായ ക്യാപ്റ്റൻ സ്മിത് മച്ചാറിന് സഹപൈലറ്റിന്‍റെ ആക്രമണത്തിൽ തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരുക്കേറ്റിട്ടും അദ്ദേഹം ധീരമായി പ്രതിരോധിക്കുകയായിരുന്നു. തുടർന്ന് യാത്രക്കാരും മറ്റു ജീവനക്കാരും ഇടപെട്ട് ആക്രമണം തടയുകയും വിമാനത്തിലുണ്ടായിരുന്ന മറ്റു രണ്ട് പൈലറ്റുമാർ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു.