ഷാർജ അന്തർദേശീയ പുസ്തകോത്സവത്തിൽ ബൾഗേറിയൻ ഇന്ത്യൻ എഴുത്തുകാർ; ആവേശ സാന്നിധ്യമായി ജോർജി ഗോഡ്‌സ്‌പോഡിനോവും ചേതൻ ഭഗത്തും

ഇന്ത്യൻ എഴുത്തുകാരനും പ്രചോദക പ്രഭാഷകനുമായ ചേതൻ ഭഗത്തിന്‍റെ സാന്നിധ്യം വായനക്കാർക്കും ആസ്വാദകർക്കും ആവേശകരമായ അനുഭവമാകും
Bulgarian-Indian Writers at Sharjah International Book Festival; Georgi Godspodinov and Chetan Bhagat make exciting presence
ഷാർജ അന്തർദേശീയ പുസ്തകോത്സവത്തിൽ ബൾഗേറിയൻ ഇന്ത്യൻ എഴുത്തുകാർ; ആവേശ സാന്നിധ്യമായി ജോർജി ഗോഡ്‌സ്‌പോഡിനോവും ചേതൻ ഭഗത്തും
Updated on

ഷാർജ: ഇത്തവണത്തെ ഷാർജ രാജ്യാന്തര പുസ്തക മേളയിൽ ബൾഗേറിയൻ എഴുത്തുകാരനും കവിയും നാടകകൃത്തുമായ ജോർജി ഗോഡ്‌സ്‌പോഡിനോവ്, ഇന്ത്യൻ എഴുത്തുകാരനും പ്രചോദക പ്രഭാഷകനുമായ ചേതൻ ഭഗത് എന്നിവരുടെ സാന്നിധ്യം വായനക്കാർക്കും ആസ്വാദകർക്കും ആവേശകരമായ അനുഭവമാകും. ജോർജി ഗോഡ്‌സ്‌പോഡിനോവ് നവംബർ 9-ാം തീയതി (ശനി ) രാത്രി 9 മുതൽ 10 വരെ ബുക്ക് ഫോറം 3 ഇൽ നടക്കുന്ന 'ഫ്രം നാച്ചുറൽ നോവൽ ടു ടൈം ഷെൽട്ടർ - ജോർജി ഗോഡ്‌സ്‌പോഡിനോവുമൊത്ത് ഓരൊരു സഞ്ചാരം' എന്ന പരിപാടിയിൽ വായനക്കാരുമായി സംവദിക്കും.

തന്‍റെ അതുല്യമായ ആഖ്യാന മികവിനെക്കുറിച്ചും കവിതയെ ഫിക്ഷനുമായി സംയോജിപ്പിക്കുന്നതിനെക്കുറിച്ചും ഓർമയുടെ പ്രമേയങ്ങളെ കണ്ടെടുക്കുന്നതിനെക്കുറിച്ചും അദേഹം സംസാരിക്കും. കാലം, മനുഷ്യാവസ്ഥ എന്നിവയെക്കുറിച്ചും ജോർജി കാഴ്ചപ്പാടുകൾ പങ്കുവെക്കും. കാലത്തിന്‍റെയും ഓർമയുടെയും ലാബ്രിന്തിലൂടെ തന്‍റെ ജീവിത ദർശനം അദേഹം അവതരിപ്പിക്കും. ടൈം ഷെൽട്ടർ എന്ന നോവലിന് 2023 ലെ ബുക്കർ സമ്മാനം ലഭിച്ചിട്ടുണ്ട്. 25 ലധികം ഭാഷകളിൽ ജോർജിയുടെ കൃതികൾ മൊഴിമാറ്റം നടത്തിയിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും ജനപ്രിയനായ എഴുത്തുകാരനും പ്രചോദക പ്രഭാഷകനുമായ ചേതൻ ഭഗത് നവംബർ പത്തിന് പുസ്തകോത്സവ വേദിയിലെത്തും. വൈകിട്ട് 7.15 മുതൽ 8.15 വരെ കോൺഫ്രൻസ് ഹാളിൽ നടക്കുന്ന 'ചേതൻ ഭഗത്തുമൊത്ത് ഒരു സായാഹ്നം 'എന്ന പരിപാടിയിൽ അദേഹം പങ്കെടുക്കും.

തന്‍റെ ഏറ്റവും പുതിയ പുസ്തകമായ 'ഇലവൻ റൂൾസ് ഫോർ ലൈഫ് ' എന്ന കൃതിയെ ആധാരമാക്കി കഥകളും കാഴ്ചപ്പാടുകളും ചേതൻ ഭഗത്ത് പങ്കുവെക്കും. പ്രചോദനം, നർമം, ചിന്തോദീപകമായ വാക്കുകൾ എന്നിവ സമന്വയിപ്പിച്ച് സമകാലിക വിഷയങ്ങളിലുള്ള നിലപാടും ചേതൻ വ്യക്തമാക്കും. വർത്തമാന കാലത്തെ ഏറ്റവും ജനകീയനായ ചേതൻ ഭഗത്തിന്‍റെ പ്രസാദാത്മകമായ സാന്നിധ്യം ആസ്വാദകർക്ക് അവിസ്മരണീയമായ അനുഭവം സമ്മാനിക്കും.

പത്താം തിയതി തന്നെ നടിയും എഴുത്തുകാരിയുമായ ഹുമ ഖുറേഷി കേൾവിക്കാരുമായി സംവദിക്കും. 'ഫ്രം സ്ക്രീൻ ടു പേജ് - ഹുമ ഖുറേഷിക്കൊപ്പം ഒരു സായാഹ്നം' എന്ന പരിപാടിയിൽ അഭിനയത്തിൽ നിന്ന് എഴുത്തിലേക്കുള്ള പരിവർത്തനത്തെക്കുറിച്ച് അവർ സംസാരിക്കും. രാത്രി 8.30 മുതൽ 9.30 വരെ ബുക്ക് ഫോറം ഒന്നിലാണ് പരിപാടി.

ആദ്യ നോവലായ 'സെബ -ആൻ ആക്‌സിഡന്‍റൽ സൂപ്പർ ഹീറോ ' യുടെ രചനക്ക് പിന്നിലെ പ്രചോദനത്തെക്കുറിച്ചും,വെള്ളിത്തിരയിൽ നിന്ന് പുസ്തക താളിലേക്കുള്ള മാറ്റത്തിനിടെയുണ്ടായ വെല്ലുവിളികളെക്കുറിച്ചും വിജയങ്ങളെക്കുറിച്ചും അവർ മനസ് തുറക്കും. സാഹിത്യ ജീവിതത്തെക്കുറിച്ചും, കഥാപാത്രങ്ങളുടെ പിറവിയെക്കുറിച്ചും ഹുമ സംസാരിക്കും.

പാചക വിദഗ്ദ്ധയും സഞ്ചാരിയുമായ ഷെനാസ് ട്രഷറിവാല നവംബർ 16 ന് 'യാത്രയും പാചകക്കുറിപ്പുകളും -ഷെനാസുമൊത്ത് ഒരു വൈകുന്നേരം' എന്ന പരിപാടിയിൽ പങ്കെടുക്കും. വൈകിട്ട് 7.15 മുതൽ 8.15 വരെ ബുക്ക് ഫോറം ഒന്നിലാണ് പരിപാടി. 'ഓൾ ഹി ലെഫ്റ്റ് മി വാസ് എ റെസിപ്പി' എന്ന തന്‍റെ പുസ്തകത്തെ ആധാരമാക്കി മികച്ച പാചകക്കുറിപ്പുകൾക്ക് പിന്നിലെ പ്രചോദനത്തെക്കുറിച്ചും സ്വജീവിതത്തെക്കുറിച്ചും അവർ സംസാരിക്കും.

രണ്ട് ഇന്ത്യൻ വനിത പുരാവസ്തു ശാസ്ത്ര - ചരിത്ര വിദഗ്ദ്ധരുടെ സാന്നിധ്യമാണ് ഇത്തവണത്തെ മേളയുടെ മറ്റൊരു പ്രധാന സവിശേഷത. നവംബർ 8 ന് ദേവിക കരിയപ്പയും നവംബർ 9 ന് റാണസഫ്‌വിയും പുസ്തകോത്സവത്തിൽ എത്തും. നവംബർ 8 ന് രാത്രി 8.30 മുതൽ 9.30 വരെ ബുക്ക് ഫോറം ഒന്നിൽ നടക്കുന്ന പരിപാടിയിൽ

'ചരിത്രാഖ്യാനത്തിൽ പുരാവസ്തു ശാസ്ത്രത്തിന്‍റെ പങ്ക്'എന്ന വിഷയത്തെക്കുറിച്ച് ദേവിക സംസാരിക്കും. ചരിത്രാതീത കാലത്തെ കലയെക്കുറിച്ച് പഠനം നടത്തിയിട്ടുള്ള എഴുത്തുകാരിയാണ് ദേവിക.

നവംബർ 9 ന് രാത്രി 8.30 മുതൽ 9.30 വരെ ബുക്ക് ഫോറം ഒന്നിൽ നടക്കുന്ന പരിപാടിയിൽ റാണ സഫ്‌വി പങ്കെടുക്കും.'കലാപരമായ പ്രചോദനവും ക്രിയാത്മകതയും' എന്ന വിഷയത്തിൽ റാണ സഫ്‌വി സംസാരിക്കും. ഇന്ത്യയിലെ ചരിത്ര സ്മാരകങ്ങളെക്കുറിച്ച് പ്രത്യേക പഠനം നടത്തിയിട്ടുള്ള റാണ ഇന്ത്യയുടെ സംസ്കാരത്തെയും ചരിത്രത്തെയും കുറിച്ച് 9 പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com