

ബുർജ് ഖലീഫ മെട്രോ സ്റ്റേഷൻ വിപുലീകരണം
ദുബായ്: ദുബായിലെ ഏറ്റവും തിരക്കേറിയ മെട്രോ സ്റ്റേഷനുകളിലൊന്നായ ബുർജ് ഖലീഫ/ദുബായ് മാൾ മെട്രോ സ്റ്റേഷൻ വിപുലീകരിക്കുന്നു. ഇത് സംബന്ധിച്ച് ദുബായ് ആർടിഎയും ഇമാർ പ്രോപ്പർട്ടീസും തമ്മിൽ ധാരണയിലെത്തി. ഡൗൺടൗൺ ദുബായ്, ബുർജ് ഖലീഫ, ദുബായ് മാൾ എന്നിവിടങ്ങളിലേക്കായി ദുബായിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന മെട്രോസ്റ്റേഷനാണിത്. പദ്ധതി പൂർത്തിയാകുമ്പോൾ സ്റ്റേഷന്‍റെ മൊത്തം വിസ്തീർണം 6,700 ചതുരശ്ര മീറ്ററിൽ നിന്ന് 8,500 ചതുരശ്ര മീറ്ററായി ഉയരും. അതോടെ മണിക്കൂറിൽ യാത്രക്കാരുടെ ശേഷി 7,250 ൽ നിന്ന് 12,320 ആയി ഉയരും. ദിവസേന കൈകാര്യം ചെയ്യാനാകുന്ന യാത്രക്കാരുടെ എണ്ണം 2.2ലക്ഷം യാത്രക്കാരായി വർധിക്കും.
65ശതമാനം ശേഷി വർധിക്കുന്നതോടെ തിരക്കേറിയ സമയങ്ങളിലെ തടസങ്ങൾക്ക് വലിയ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജനസംഖ്യയിലും സന്ദർശകരുടെ എണ്ണത്തിലുമുള്ള അതിവേഗ വളർച്ചയെ ഉൾക്കൊള്ളാൻ സാധിക്കുന്ന രീതിയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള ആർ.ടി.എയുടെ പ്രതിബദ്ധതയെ ഈ പദ്ധതി അടിവരയിടുന്നുവെന്ന് ആർ.ടി.എ ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു. സ്റ്റേഷനിൽ 2013ൽ വാർഷിക യാത്രക്കാരുടെ എണ്ണം 60 ലക്ഷമായിരുന്നത്, 2024ൽ 1.05കോടിയിലധികമായി ഉയർന്നിട്ടുണ്ട്. ഇത് കഴിഞ്ഞ വർഷം 1.1കോടിക്ക് അടുത്തെത്തിയിട്ടുമുണ്ട്. ഇപ്പോൾ ദിവസേനയുള്ള യാത്രാനിരക്ക് ശരാശരി 56,000 ആണ്.