അബുദാബി: വന്ധ്യതാ ചികിത്സാരംഗത്തെ ആധുനിക സമ്പ്രദായങ്ങളുമായി യുഎഇയിലെ ഏറ്റവും വലിയ ഫെർട്ടിലിറ്റി ക്ലിനിക് അബുദാബിയിൽ പ്രവർത്തനം ആരംഭിച്ചു. ലോകോത്തര നിലവാരത്തിലുള്ള അത്യാധുനിക സംവിധാനങ്ങളിലൂടെ മികച്ച ചികിത്സ പ്രദാനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ട്രസ്റ്റ് ഫെർട്ടിലിറ്റി ക്ലിനിക്ക് ബുർജീൽ മെഡിക്കൽ സിറ്റിയിൽ (ബിഎംസി) തുറന്നത്.
ഓരോ രോഗിയുടെയും ആവശ്യങ്ങൾക്കനുസൃതമായി സമഗ്രമായ വന്ധ്യതാ ചികിത്സ ലഭ്യമാക്കുന്ന ക്ലിനിക്ക് പ്രശസ്ത ഫെർട്ടിലിറ്റി വിദഗ്ദ്ധൻ ഡോ. വലീദ് സെയ്ദിന്‍റെ നേതൃത്വത്തിലാണ് പ്രവർത്തിക്കുക.
മികച്ച ഫലങ്ങൾ ഉറപ്പാക്കാനായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ചുള്ള എംബ്രിയോ സെലെക്ഷൻ ഉൾപ്പടെ നൂതന സാങ്കേതികവിദ്യകളാണ് ക്ലിനിക്കിൽ സജ്ജീകരിച്ചിരിക്കുന്നത്. എഗ്ഗ് റിട്രീവൽ, എംബ്രിയോ ട്രാൻസ്ഫർ, ഗർഭാശയ ബീജസങ്കലനം, ഐവിഎഫ് കൺസൾട്ടേഷനുകൾ, ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയ എന്നിവ ഉൾപ്പെടുന്ന സമഗ്രമായ ചികിത്സ ക്ലിനിക്കിൽ ലഭിക്കും.
സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ബുർജീലിന്‍റെ നിലവിലെ ചികിത്സാ പദ്ധതികളെ ട്രസ്റ്റ് ഫെർട്ടിലിറ്റി ക്ലിനിക് വിപുലീകരിക്കും. ബിഎംസി കേന്ദ്രമായി പ്രവർത്തിക്കുന്ന അഡ്വാൻസ്ഡ് ഗൈനക്കോളജി ഇൻസ്റ്റിറ്റ്യൂട്ട്, കിപ്രോസ് നിക്കോളയ്ഡ്സ് ഫീറ്റൽ മെഡിസിൻ ആൻഡ് തെറാപ്പി സെന്‍റർ, നിയോനേറ്റൽ, പീഡിയാട്രിക് ഇന്‍റൻസീവ് കെയർ യൂണിറ്റുകൾ എന്നിവയിലൂടെ ഗ്രൂപ്പ് നിലവിൽ ലോകോത്തര നിലവാരത്തിലുള്ള പരിചരണമാണ് നൽകുന്നത്.
അത്യാധുനിക പ്രത്യുത്പാദന ചികിത്സാ രീതികളുടെയും, നിർമിതബുദ്ധിയിൽ അധിഷ്ഠിതമായ സാങ്കേതികവിദ്യകളുടെയും സഹായത്തോടെ ഓരോ രോഗിക്കും ഏറ്റവും മികച്ച സേവനം നൽകാനാണ് ശ്രമമെന്ന് ഡോ. വലീദ് സെയ്ദ് പറഞ്ഞു.
റീപ്രൊഡക്ടീവ് എൻഡോക്രൈനോളജിയിലും വന്ധ്യതാ ചികിത്സയിലും മൂന്ന് പതിറ്റാണ്ടോളം അനുഭവസമ്പത്തുള്ള ഡോ. വലീദ് സെയ്ദ് യുഎഇ യിലെ ഐവിഎഫ് നിയമങ്ങൾ രൂപപ്പെടുത്തുന്നതിലും സുപ്രധാന സംഭാവനകൾ നൽകിയിട്ടുണ്ട്.
ബുർജീൽ മെഡിക്കൽ സിറ്റിയിൽ നടന്ന ഉദ്‌ഘാടന ചടങ്ങിൽ എമിറേറ്റ്സ് ബിസിനസ്സ് വുമൺ കൗൺസിൽ ബോർഡ് അംഗം ഫാത്തിമ മുഹമ്മദ് അൽ ആവാദി, ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ തുടങ്ങിയവർ പങ്കെടുത്തു.