Burjeel Medical City performs liver transplant on five-month-old baby

അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് കരൾമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി ബുർജീൽ മെഡിക്കൽ സിറ്റി

അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് കരൾമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി ബുർജീൽ മെഡിക്കൽ സിറ്റി

ചരിത്ര നേട്ടം സ്വന്തമാക്കി മലയാളി ഡോക്റ്റർ ജോൺസ് ഷാജി മാത്യു.
Published on

അബുദാബി: അഞ്ച് മാസം മാത്രം പ്രായമുള്ള കുഞ്ഞിന് സങ്കീർണ്ണമായ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി അബുദാബി ബുർജീൽ മെഡിക്കൽ സിറ്റി. ഗുരുതര ജനിതക രോഗത്തെത്തുടർന്നാണ് അഹമ്മദിന് കരൾമാറ്റ ശസ്ത്രക്രിയ നടത്തിയത്. ഇതോടെ യുഎഇയിലെ ഏറ്റവും പ്രായം കുറഞ്ഞ കരൾ സ്വീകർത്താവായി അഞ്ചു മാസം പ്രായമുള്ള അഹമ്മദ് യഹ്യ മാറി. മലയാളിയായ ഡോ. ജോൺസ് ഷാജി മാത്യു ഉൾപ്പെടുന്ന ബുർജീൽ മെഡിക്കൽ സിറ്റിയിലെ വിദഗ്ദ്ധ ഡോക്റ്റർമാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.

യുഎഇ സ്വദേശികളായ യഹ്യയുടെയും ഭാര്യ സൈനബ് അൽ യാസിയുടെയും മകൻ അഹമ്മദിന് ശസ്ത്രക്രിയ നടക്കുമ്പോൾ ഭാരം വെറും 4.4 കിലോഗ്രാം മാത്രമായിരുന്നു. പിതാവിന്‍റെ ഇളയ സഹോദരന്‍റെ ഭാര്യ പകുത്തു നൽകിയ കരൾ അഹമ്മദിലേക്ക് ചേർത്തു വച്ചപ്പോൾ പിറന്നത് യുഎഇ യുടെ മെഡിക്കൽ ചരിത്രത്തിലെ അപൂർവ വിജയഗാഥ.

2010-ൽ കരൾ രോഗത്തെ തുടർന്ന് മറ്റൊരു മകനെ നഷ്ടപ്പെട്ട യഹ്യക്കും ഭാര്യക്കും അഹമ്മദിന്‍റെ ജനനം പുതിയൊരു പ്രതീക്ഷയായിരുന്നു. എന്നാൽ, ജനിച്ചയുടൻ തന്നെ കുഞ്ഞിന്‍റെ കരളിന്‍റെ എൻസൈമുകളിൽ ഉണ്ടായ വർധനവ് ആശങ്ക പടർത്തി. അധികം വൈകാതെ അഹമ്മദിന്‍റെ നില മോശമാവാൻ തുടങ്ങി. ലോകത്തിൽ ഇരുപത്തിയഞ്ചിൽ താഴെ മാത്രം ആളുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഗ്ലൈകോസൈലേഷ്യനെന്ന അത്യപൂർവ ജനിതക രോഗമാണ് അഹമ്മദിനെ ബാധിച്ചിട്ടുള്ളതെന്ന് പരിശോധനയിൽ കണ്ടെത്തി.

നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് 12 മണിക്കൂർ കൊണ്ട് ശസ്ത്രക്രിയ പൂർത്തിയാക്കിയതെന്ന് ബിഎംസിയിലെ അബ്ഡോമിനൽ ട്രാൻസ്പ്ലാന്‍റ് ആൻഡ് ഹെപ്പറ്റോ - പാൻക്രിയാറ്റിക്കോ - ബൈലിയറി സർജൻ ഡോ. ജോൺസ് ഷാജി മാത്യു പറഞ്ഞു. ബുർജീൽ അബ്ഡോമിനൽ മൾട്ടി-ഓർഗൻ ട്രാൻസ്പ്ലാന്‍റ് പ്രോഗ്രാമിലെ ട്രാൻസ്പ്ലാൻറ് സർജറി ഡയറക്റ്റർ ഡോ. ഗൗരബ് സെന്നും ഡോ. ജോൺസ് ഷാജി മാത്യുവിനൊപ്പം ഈ ദൗത്യത്തിന് നേതൃത്വം നൽകി.

വിവിധ വിഭാഗങ്ങളിലെ ഡോ. രാമമൂർത്തി ഭാസ്കരൻ, ഡോ. ജോർജ് ജേക്കബ്, ഡോ. എസ്. അൻഷു, ഡോ. കേശവ രാമകൃഷ്ണൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. “ഞങ്ങളുടെ ആദ്യത്തെ മകനെ നഷ്ടപ്പെട്ടപ്പോഴുള്ള വേദന ഇപ്പോഴും എനിക്ക് ഓർമ്മയുണ്ട്. അഹമ്മദിനും സമാനമായ പ്രശ്നമുണ്ടെന്ന് കേട്ടപ്പോൾ, ഇതാണ് ഞങ്ങളുടെ വിധിയെന്ന് ഞാൻ കരുതി. പക്ഷേ ഡോക്റ്റർമാർ ഞങ്ങൾക്ക് പ്രതീക്ഷ നൽകി,” അഹമ്മദിന്‍റെപിതാവ് യഹ്യ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com